pilots-

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ കാണാതായ എ.എൻ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തിരച്ചിൽ നടത്തുകയാണ്. വിമാനം കാണാതാവുന്ന സമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തൻവാറിന്റെ ഭാര്യ സന്ധ്യയാണ് എയർ ട്രാഫിക് കൺട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത്.

ഉച്ചയ്ക്ക് 12.55നാണ് അരുണാചൽ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയർന്നത്. വിമാനം കാണാതാകുമ്പോൾ സന്ധ്യയാണ് അസമിലെ ജോർഹാതിലെ എയർ ട്രാഫിക് കൺട്രോളിലുണ്ടായിരുന്നത്. എയർ ട്രാഫിക് കൺട്രോളിന് വിമാനവുമായുള്ള ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂർ പിന്നിട്ടപ്പോൾ വിവരമറിയിക്കാൻ തങ്ങൾക്ക് സന്ധ്യയുടെ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീർ സിംഗ് പറയുന്നു.

വിമാനം എവിടെയെങ്കിലും അടിയന്തിര ലാൻഡിംഗ് നടത്തി കാണുമെന്നും ചൈനയുടെ പ്രദേശത്ത് കടന്നിരിക്കാമെന്നും കരുതി. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെയും വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീർ പറഞ്ഞു. മലകളിലെവിടെയെങ്കിലും ഇടിച്ചുവീണിട്ടുണ്ടെങ്കിൽ പ്രതീക്ഷകൾക്ക് യാതൊരു വകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേർ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തിരച്ചിൽ നടത്തി. ഐ.എസ്.ആർ.ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

മഴ തുടരുന്നത് തിരച്ചിൽ ദുഷ്ക്കരമാക്കുകയാണ്. അസമിൽ നിന്ന് അരുണാചൽപ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്.