കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളിൽ രണ്ട് തൃണമൂൽ കോൺഗ്രസുകാർ കൂടി കൊല്ലപ്പെട്ടതോടെ ഇതേച്ചൊല്ലിയുള്ള വിവാദങ്ങളും കനക്കുന്നു. കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയണെന്നും സ്വന്തം പ്രവർത്തകരെ നിലയ്‌ക്ക് നിറുത്താൻ നേതൃത്വം തയ്യാറാകണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടതോടെയായാണ് സംഭവങ്ങൾ പുതിയ തലത്തിലേക്ക് കടന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കരിദിനം ആഹ്വാനം ചെയ്‌ത മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് നോർത്ത് 24 പാർഗാൺസിൽ പട്ടാപ്പകൽ തൃണമൂൽ പ്രവർത്തകനായ നിർമൽ ബാബുവിനെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി. ബി.ജെ.പി അനുഭാവികളായ സുമൻ കുൻഡു, സുജയ് ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവത്തിൽ ബുധനാഴ്‌ച കുഛ് ബിഹാറിൽ വച്ച് തൃണമൂൽ പ്രവർത്തകൻ അജിജാർ അലി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ ബി.ജെ.പി പ്രവർത്തകർ കൊന്നുവെന്നാണ് ആരോപണം. അതേസമയം, സംഘർഷങ്ങൾക്കിടയിൽ ബി.ജെ.പി സംസ്ഥാനത്ത് വിജയാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് അടക്കമുള്ളവർ ഇതിൽ പങ്കെടുക്കുമെന്നാണ് വിവരം.