മുംബയ്: തന്റെ ആരാധകനെ പിടിച്ച് തള്ളിയ സെക്യൂരിറ്റിക്കാരനെ മർദ്ദിച്ച ബോളിവുഡ് നടൻ സൽമാൻ ഖാനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ഇന്നലെയാണ് സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'ഭാരത്' റിലീസ് ചെയ്തത്. തുടർന്ന്, ബോളിവുഡിലെ തന്റെ ചങ്ങാതിമാർക്കായി സൽമാൻ ഖാൻ സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു.
ഷോ കഴിഞ്ഞ് തീയറ്ററിൽ നിന്നും ഇറങ്ങുമ്പോഴാണ് താരം തന്റെ ടീനേജറായ ആരാധകനെ തന്റെ തന്നെ സെക്യൂരിറ്റിക്കാരൻ ഉപദ്രവിക്കുന്നത് കാണുന്നത്. ഒട്ടും അമാന്തിക്കാതെ സൽമാൻ അയാളുടെ കരണത്തടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. സൽമാന്റെ പ്രവൃത്തി കണ്ട് ആരാധകരും ചുറ്റും ഉണ്ടായിരുന്നവരും നിശബ്ദരായി. ഉടൻ തന്നെ സൽമാനെതിരെ വിമർശനങ്ങളും തലപൊക്കി.
താരത്തിന്റെ ചൂടൻ സ്വഭാവത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും, പൊതുവിടത്ത് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ സൽമാൻ അങ്ങനെ പ്രവർത്തിച്ചതിന് പിന്നിലുള്ള യഥാർത്ഥ ഉദ്ദേശ്യം മനസിലാക്കിയ വിമർശകർ ഉടൻ തന്നെ കളം മാറ്റി ചവിട്ടുകയായിരുന്നു.
Awesome @BeingSalmanKhan ! Haters will make up some negative stories but for FYI : Salman slapped his security guard who failed to take care of small kids getting trampled in crowd! That is SALMAN KHAN for YOU! ❤️https://t.co/f6g0a8JX0N
— Samina Shaikh (@saminaUFshaikh) June 5, 2019
കുട്ടികൾ ഇങ്ങനെയുള്ള പൊതു ചടങ്ങുകളിൽ താഴെ വീണ് പരിക്കേൽക്കുന്നത് തടയാൻ കൂട്ടാക്കാത്ത സെക്യൂരിറ്റി ജീവനക്കാർ തല്ല് കിട്ടേണ്ടവർ തന്നെയാണെന്നും, സൽമാന്റെ പ്രവൃത്തി ശരിയാണെന്നുമാണ് എന്റർടൈൻമെന്റ് ജേർണലിസ്റ്റ് സമീന ഷെയ്ഖ് ട്വിറ്ററിൽ കുറിച്ചത്. സൽമാന്റെ വിരോധികൾ എപ്പോഴും കുറ്റം കണ്ടുപിടിക്കുമെന്നും സമീന പറഞ്ഞു.
സൽമാൻ ഖാൻ തന്റെ ആരാധനാ പുരുഷനാകുന്നത് ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണെന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്. എന്നാൽ സംയമനം പാലിച്ചുകൊണ്ടുതന്നെ സൽമാന് വിഷയം കൈകാര്യം ചെയ്യാൻ ആകുമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.