മുംബയ്: ആറ് ശതമായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ച് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനമായും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടക്കുകയായിരുന്ന പണ അവലോകന യോഗത്തിന് ശേഷമാണ് റിസർവ് ബാങ്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും തുടർന്ന് ഏപ്രിലിലും ഇത്തരത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റിയിരുന്നു.
ധനനിലപാടിൽ വന്ന മാറ്റമാണ് ഇത്തരത്തിൽ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്. വായ്‌പാ നയത്തിൽ 'ന്യൂട്രൽ' നിലപാടിൽ തുടരുകയായിരുന്ന റിസർവ് ബാങ്ക് 'അക്കോമൊഡേറ്റിവ്' നിലപാടിലേക്ക് മാറിയതാണ് ഇതിന് കാരണം. വ്യവസായ രംഗത്തേക്ക് കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ പുതിയ സമീപനമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
റിപ്പോ നിരക്ക് കുറഞ്ഞതോടെ ബാങ്ക് നൽകുന്ന വായ്പ്പകളുടെ നിരക്കും കുറയും. ഭവന, വാഹന വായ്‌പകളിലാണ് കാര്യമായും കുറവ് സംഭവിക്കാൻ പോകുന്നത്. വായ്‌പാനിരക്കിൽ ഉയർച്ചയുണ്ടാകുന്ന രീതിയിലേക്ക് സമ്പദ്ഘടനയെ നയിക്കാൻ റിസർവ് ബാങ്ക് താൽപ്പര്യപ്പെടുന്നില്ല എന്നാണ് ഈ തീരുമാനത്തിൽ നിന്നും വ്യക്തമാകുന്നത്.
വിപണിയിലേക്ക് കൂടുതൽ പണം എത്താനും ബാങ്കിന്റെ ഈ പുതിയ തീരുമാനം സഹായിക്കും. ഇങ്ങനെ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാനും സാധിക്കും. നിലവിൽ 5.8 ശതമാനത്തിൽ നിൽക്കുന്ന ജി.ഡി.പിയെ പെട്ടെന്നുതന്നെ ഉയർച്ചയിലേക്ക് എത്തിക്കാൻ റിസർവ് ബാങ്കിന്റെ ഈ നീക്കത്തിന് സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു.