കാസർഗോഡ്: പശുവിനെ അപമാനിച്ചു സംസാരിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സാജൻ അബ്രഹാം എന്നയാൾക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ബി.ജെ.പി പ്രവർത്തകനായ ഓണകുന്നിലെ ചന്ദ്രന്റെ പരാതിയിലാണ് കേസ്.
സംഭവം ഇങ്ങനെ-
വെള്ളരിക്കുണ്ടിലെ ചായ കടയിൽ സാജൻ അബ്രഹാമും ചന്ദ്രനും പരസ്‌പരം സംസാരിച്ച് കൊണ്ടിരിക്കെ രാഷ്ട്രീയവും കടന്ന് വന്നു. ഗോമാതാവിനെ ഏറെ ബഹുമാനിക്കുമ്പോൾ നിങ്ങൾ അതിന്റെ പാൽ കുടിക്കുന്നില്ലേ എന്ന് അബ്രഹാം ചോദിച്ചുവത്രെ. തുടർന്ന് പശുവിനെ ആക്ഷേപിച്ചു എന്നും വർഗീയ വിദ്വേഷം ഉണ്ടാക്കുവാൻ ശ്രമിച്ചു എന്നും കാണിച്ച് ചന്ദ്രൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ക്ക് പരാതി നൽകുകയായിരുന്നു. ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്. അബ്രഹാം മത സൗഹാർദ്ദം തകർക്കുന്ന പ്രവൃത്തി നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ.
വെള്ളരിക്കുണ്ട് സി.ഐക്കാണ് അന്വേഷണ ചുമതല. സംഭവം വിവാദമായതോടെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും അറിയുന്നു.