medical-college-kottayam

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകൾ റെനി. ഡ്യൂട്ടി ഡോക്ടറെയും നഴ്സിനെയുമാണ് ആദ്യം കണ്ടതെന്നും എന്നിട്ടാണ് പി.ആർ.ഒയെ കണ്ടതെന്നും റെനി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം പി.ആർ.ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് പ്രശ്നങ്ങളുടെ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. മെഡിക്കൽ കോളേജിലെയും രണ്ട് സ്വകാര്യ ആശുപത്രിയിലെയും അധികൃതർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി റഫർ ചെയ്തത് പ്രകാരം തോമസ് ജേക്കബിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. ബെഡ് ഒഴിവില്ലയെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് മകൾ ഇന്നലെ ആരോപിച്ചിരുന്നു. ശേഷം കോട്ടയത്തെ രണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിച്ചു. തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിലെത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഒടുവിൽ ആംബുലൻസിൽ കിടന്നാണ് രോഗി മരിച്ചത്.