kamal-haasan

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി നടനും 'മക്കൾ നീതി മയ്യം' പാർട്ടി സ്ഥാപകനുമായ കമലഹാസൻ. ഇത് താൻ സ്വീകരിക്കാത്തതിനാലാണ് തന്റെ 'വിശ്വരൂപം' സിനിമ ജയലളിത നിരോധിച്ചതെന്നും കമലഹാസൻ പറഞ്ഞു. സോണിയ സിംഗിന്റെ 'ഇന്ത്യയെ നിർവചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ' എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമലഹാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ ജയലളിതയെ 'ചക്രവർത്തിനി' എന്നാണ് കമലഹാസൻ വിശേഷിപ്പിച്ചത്.

ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ അവരുടെ ഉടമസ്ഥതയിലുള്ള 'ജയ ടി.വി'ക്ക് വേണ്ടി 'വിശ്വരൂപ'ത്തിന്റെ ടെലിവിഷൻ അവകാശം ആവശ്യപ്പെട്ട്‌ ജയലളിതയുടെ അനുചരൻ തന്നെ സമീപിച്ചിരുന്നു. ജയലളിത സ്വാധീനമുള്ള ആളായിരുന്നതിനാൽ തനിക്ക് ആ നിർദ്ദേശം സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാൽ ചിത്രത്തിന്റെ അവകാശത്തിനുള്ള പ്രതിഫലമായി തനിക്ക് അവർ കള്ളപ്പണം വാഗ്‌ദാനം ചെയ്തപ്പോഴാണ് താൻ ആ കരാറിൽ നിന്നും പിന്മാറിയത്. കമലഹാസൻ പറയുന്നു. തന്റെ ആത്മാഭിമാനത്തെ ജയലളിത വിലകുറച്ച് കണ്ടുവെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.

തുടർന്ന് ജയലളിതയുടെ കൂട്ടാളികളിൽ ഒരാളായ ഒരു പൊലീസ് മേധാവിയും 'ജയ ടി.വി'യുടെ തലവനും കൂടിചേർന്ന് 'വിശ്വരൂപം' തീയറ്ററിൽ പോയി കണ്ടുവെന്നും ഇവരാണ് ചിത്രം കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് ജയലളിതയോട് പറഞ്ഞതെന്നും കമലഹാസൻ പറഞ്ഞു. തുടർന്ന് തന്നോട് വിരോധമുണ്ടായിരുന്ന ജയലളിത ചിത്രം നിരോധിക്കുകയായിരുന്നു. താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രധാന കാരണവും ജയലളിതയാണെന്നും കമലഹാസൻ പറഞ്ഞു.

ചിത്രം നിരോധിച്ചാൽ താൻ ജയലളിതയോട് യാചിക്കാൻ ചെല്ലുമെന്ന് അവർ കരുതിയിരിക്കാമെന്നും, എന്നാൽ താൻ ആത്മാഭിമാനിയാണെന്നതിനെ കുറിച്ച് അവർക്ക് അറിവില്ലായിരുന്നുവെന്നും കമലഹാസൻ പറഞ്ഞു. അന്ന് ചിത്രം നിരോധിച്ചതിനെ തുടർന്ന് താൻ ഏറെ ബുദ്ധിമുട്ടിയെന്നും പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് ചിത്രത്തെ നിരോധനത്തിൽ നിന്നും രക്ഷിച്ചെടുത്തതെന്നും കമലഹാസൻ ഓർക്കുന്നു. 2013ലാണ് ഏറെ വിവാദങ്ങൾക്ക് നടുവിൽ 'വിശ്വരൂപം' റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.