cpm-report

ന്യൂഡൽഹി: കേരളത്തിൽ പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ അവലോകന റിപ്പോർട്ട്. ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ശബരിമല നയം മാറ്റാനാകില്ലെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ അവലോകനം. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കേരളത്തിലെ പാർട്ടിക്ക് കഴിയണമെന്നും സി.പി.എം നേതൃത്വം നിർദ്ദേശിക്കും. ന്യൂനപക്ഷ വോട്ടുകൾ മാറിയും മറിഞ്ഞും ഇരുമുന്നണികൾക്കും കിട്ടിയ ചരിത്രമാണ് കേരളത്തിന്റേത്. എന്നാൽ, പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ചയുണ്ടായതിന് ശബരിമല കാരണമായിട്ടുണ്ട്.

എതിരാളികളുടെ പ്രചാരണം ഫലപ്രദമായി ചെറുക്കാനായില്ല. ബി.ജെ.പിക്കായി ദേശീയ തലത്തിൽ നടന്ന പ്രചാരവേലയും തിരിച്ചടിക്കിടയാക്കിയെന്നും കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ടിൽ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയതിന് ശേഷം കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാനഘടകങ്ങൾക്ക് തിരിച്ചടിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകും. ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലെന്നും ആരെങ്കിലും രാജിക്ക് തയ്യാറായാൽ അത് സ്വീകരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു.