nia

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രതി കഴക്കൂട്ടം സ്വദേശിനി സെറീന ഷാജിക്ക് പാകിസ്ഥാനി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസ് പുതിയ മാനങ്ങളിലേക്ക് കടന്നത്. കേസ് ഇനി രഹസ്യാന്വേഷണ ഏജൻസി(റോ)യും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യും അന്വേഷിക്കുമെന്നാണ് വിവരം.

ദുബായിലെ ബ്യൂട്ടീപാർലർ ഉടമയായ സെറീന ഷാജിയുടെ പാകിസ്ഥാൻ ബന്ധത്തെക്കുറിച്ച് ഡി.ആർ.ഐയുടെ അന്വേഷണത്തിലാണ് തെളിവുകൾ ലഭിച്ചത്. പാകിസ്ഥാൻകാരനായ നദീമാണ് സ്വർണക്കടത്ത് സംഘത്തിനെ സെറീനയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ഇയാളാണ് സെറീനയുടെ ബ്യൂട്ടിപാർലറിലേക്ക് കോസ്‌മെറ്റിക്കുകൾ നൽകിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവം ദേശസുരക്ഷയെക്കൂടി ബാധിക്കുമെന്നതിനാൽ റോയും എൻ.ഐ.എയും അന്വേഷിക്കുന്നത്. കൂടാതെ സ്വർണക്കടത്ത് സംഘത്തെ ദുബായിൽ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളായിരുന്നുവെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

മേയ് 13 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തു വന്നിറങ്ങിയ സുനിൽകുമാർ, സെറീന ഷാജി എന്നിവരിൽ നിന്ന് 8.17 കോടി രൂപ വിലയുള്ള 25 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിൽ ഉൾപ്പെട്ട നിരവധി പേ‌ർ പിടിയിലായി. കേസിൽ പിടിയിലായ പ്രകാശ് തമ്പിക്ക് സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിൽ പങ്കുണ്ടെന്ന ആരോപണവും ഉയർന്നതോടെ കേസ് പുതിയ മാനങ്ങളിലേക്ക് നീങ്ങി.