baleno-galnza

മദ്ധ്യവർഗ മലയാളിയുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നാണ് മാരുതി സുസുക്കിയുടെ ബലെനോ. കേരളത്തിലെ റോഡുകളിൽ തലങ്ങും വിലങ്ങും ബലെനോ പായുന്നത് നിത്യവും കാണാവുന്നതുമാണ്. എന്നാൽ ഈ വാഹനത്തെ ഏറെക്കുറെ അതേപടി കോപ്പിയടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ട കാർ കമ്പനി. ഗ്ലാൻസ എന്ന് പേരിട്ടിരിക്കുന്ന ടൊയോട്ടയുടെ പുതിയ കാർ ബലെനോയുടെ തനിപ്പകർപ്പാണ്. 7.29 ലക്ഷം രൂപയാണ് പുതിയ കാറിന് ടൊയോട്ട വിലയിട്ടിരിക്കുന്നത്. കാറിന്റെ മുകളിലേക്കുള്ള മോഡലുകൾക്ക് ഇനിയും വില കൂടും.

baleno1

മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിലായി സി.വി.ടി ഗിയർ ബോക്സുകളുമായാണ് ഗ്ലാൻസ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഗ്ലാൻസയുടെ സ്റ്റാർട്ടിങ് മോഡലായ ജിയുടെ മാനുവൽ വേരിയന്റിനാണ് 7.29 ലക്ഷം രൂപ. ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡലാണ് വേണ്ടതെങ്കിൽ 8.37 ലക്ഷം രൂപ നൽകേണ്ടി വരും. എന്നാൽ കൂടിയ മോഡലായ വിയുടെ മാനുവൽ വേർഷന് 7.68 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 9 ലക്ഷം രൂപയുമാണ് വില.

baleno3

ഗ്ലാൻസയുടെ ജി മോഡലിൽ 1.2 ലിറ്റർ കെ 12സി സ്മാർട്ട് ഹൈബ്രിഡ് എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ, ജി(സി.വി.ടി),വി, വി(സി.വി.ടി) എന്നീ മോഡലുകൾക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റർ 12ബി എഞ്ചിനാണ്. സ്മാർട്ട് ഹൈബ്രിഡ് എഞ്ചിന് 89.7 പി.എസ് കരുത്തും 1.2 ലിറ്റർ എഞ്ചിന് 82.9 പി.എസ് കരുത്തുമാണ് ഉള്ളത്. സുസുക്കിയും ടോയോട്ടയും ഒത്ത് ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന വാഹനമാണ് ഗ്ലാൻസ. ഇതൊരു തുടക്കം മാത്രം ആണെന്നും സുസുക്കിയുമായി ചേർന്ന് ബ്രസ, എർട്ടിഗ എന്നീ വാഹനങ്ങളുടേയും റീബ്രാൻഡഡ് പതിപ്പുകൾ ടൊയോട്ട അധികം താമസിയാതെ പുറത്തിറക്കും എന്നാണ് അറിയുന്നത്. മുൻവശത്തെ ഗ്രില്ലിൽ മാത്രമാണ് ഗ്ലാൻസയും ബലെനോയും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്ന്.

baleno2

ഗ്ലാൻസയിലെ ഏഴ് ഇഞ്ചുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ബലെനോയിലെ സ്മാർട്ട്പ്ലേ സിസ്റ്റവും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇരുകാറിന്റെയും സ്റ്റിയറിങ്ങും ഡാഷ്‌ബോർഡും അലോയ് വീലുകളും ഏറെക്കുറെ ഒന്നുതന്നെയാണ്. എന്നാൽ ഉപഭോക്താക്കൾക്കുള്ള ഗ്ലാൻസയുടെ വാറന്റി പാക്കേജിൽ ബലെനോ നൽകുന്നതിനേക്കാൾ കൂടുതൽ സമയം ടൊയോട്ട നൽകുന്നുണ്ട്. ഇതാണ് മറ്റൊരു വ്യത്യാസം. ബലെനോയ്ക്ക് രണ്ട് വർഷമാണ്(40,000 കി.മി) ആണ് വാറന്റിയെങ്കിൽ, ഗ്ലാൻസയിലൂടെ ടൊയോട്ട നൽകുന്ന വാറന്റി മൂന്ന് വർഷമാണ്(1 ലക്ഷം കി.മി).

baleno4