കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂർ. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്ന്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്‌ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദർശനചക്രം, താമര എന്നിവ ധരിച്ച് മാറിൽ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പൻ നിലകൊള്ളുന്നത്.
അയ്യായിരത്തിലധികം വർഷം പഴക്കമുള്ള വിഗ്രഹം
വസുദേവൻ, ദേവകി, ബലരാമൻ തുടങ്ങിയ യാദവർ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം തന്നെയാണ് വായുവും ബൃഹസ്പതിയും ചേർന്ന് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ദ്വാരക പ്രളയത്തിലാണ്ട് തന്റെ സ്വർഗാരോഹണ സമയത്ത് ദേവഗുരുവായ ബൃഹസ്പതിയോട് യോഗ്യമായ സ്ഥലം കണ്ടെത്തി പ്രതിഷ്‌ഠ നടത്താൻ കൃഷ്ണൻ ആവശ്യപ്പെട്ടുവത്രെ. ഇത് പ്രതിഷ്ഠിക്കാനായി ബൃഹസ്പതിയും വായുവും ലോകം മുഴുവൻ ചുറ്റിക്കറങ്ങി. അങ്ങനെ ആ യാത്രയ്ക്കിടെ അവർ ശിവൻ തപസു ചെയ്തു എന്നു വിശ്വസിക്കുന്ന രുദ്രതീർഥക്കരയിലെത്തുകയും ഇവിടെ പ്രതിഷ്‌ഠ നടത്തുവാൻ ശിവൻ ആവശ്യപ്പെടുകയും ചെയ്‌തു.ദേവഗുരുവും വായുദേവനു ചേർന്നു പ്രതിഷ്ഠ നടത്തിയതിനാലാണ് ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. വിശ്വകർമ്മാവാണ് ക്ഷേത്രം നിർമ്മിച്ചത്. ഭൂലോകവൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു.
ക്ഷേത്രത്തിലെ നിത്യേനയുള്ള ചടങ്ങുകൾ ഇങ്ങനെ
ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണ് നടക്കാറുള്ളത്. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ടാണ് ഭഗവാനെ പള്ളിയുണർത്തുക. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മാല്യ ദർശനം. രാവിലെ 3:20 തൊട്ട് 3:30 വരെയാണ് വാകച്ചാർത്ത് ദർശനം നടക്കുക.
നിർമ്മാല്യദർശനം, തൈലാഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം, ബാലങ്കാരം, പാലഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ, സായംകാലപൂജ, ദീപാരാധന, അത്താഴപൂജ, തൃപ്പൂക എന്നിങ്ങനെ പന്ത്രണ്ട് ചടങ്ങുകളാണ് ദിവസവും അമ്പലത്തിൽ നടക്കുന്നത്. ഇതിനു പുറമേ ചിലവേറിയ വഴിപാടുകളായ ഉദയാസ്തമനപൂജ, ആനയെ നടക്ക് ഇരുത്തൽ എന്നിവയും നടത്തി വരാറുണ്ട്. ഇതിനെല്ലാം പുറമേ വിവാഹം, തുലാഭാരം, ചോറൂൺ തുടങ്ങിയവയും ഗുരുവായൂരിലെ പ്രധാന വഴിപാടുകളാണ്.
കുംഭമാസത്തിലെ പൂയം നക്ഷത്രത്തിലാണ് ഗുരവായൂർ ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു വെളിയിലിറങ്ങുന്ന സമയം കൂടിയായതിനാൽ ഇത് നാട്ടുകാരുടെ പ്രധാനപ്പെട്ട ആഘോഷം കൂടിയാണ്.
ചുറ്റമ്പലവും ഉപദേവതകളും
നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതിയുടെ പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രം ഉയരമുള്ളതാണ് ഗണേശ വിഗ്രഹം. കിഴക്കോട്ടാണ് ഇവിടെ ദർശനം. ആദ്യകാലങ്ങളിൽ ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. എന്നാൽ അമ്പലത്തിലുണ്ടായ തീപിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോളാണ് ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഗണേശപ്രീതിക്കായി ഗണപതിഹോമം നടത്താറുണ്ട്.
അമ്പലത്തിന്റെ തെക്കുഭാഗത്തെ പ്രദക്ഷിണവഴിക്കരികിലായാണ് ധർമ്മശാസ്താവ് അയ്യപ്പന്റെ ശ്രീകോവിൽ. പടിഞ്ഞാറെ മൂലയിൽ പത്തായപ്പുരമാളികയും തെക്കുഭാഗത്ത് കലവറയുമാണ് ഉള്ളത്. വടക്കേ ഊട്ടുപുരയുടെ അടുത്തായാണ് തീർത്ഥകുളം അഥവാ രുദ്രതീർത്ഥം. ഈ രുദ്രതീർത്ഥത്തിന് തൊട്ടു തെക്കു വശത്താണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടെ ശ്രീകോവിൽ. ഇക്കാലങ്ങളിൽ എല്ലാ ദിവസവും ചുറ്റുവിളക്കുകളും ദീപസ്‌തംഭങ്ങളും വഴിപാടായി തെളിയിക്കാറുണ്ട്. ഇതാണ് ലക്ഷംദീപം എന്നറിയപ്പെടുന്നത്.
ക്ഷേത്രത്തിൽ ശിവന്റെ പ്രതിഷ്ഠയില്ലെങ്കിലും ശിവന്റെ ഒരു അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ട്. വായുദേവനും ബൃഹസ്പതിയും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്‌ഠിക്കാൻ അനുവാദം നൽകിയ ശിവനാണ് മമ്മിയൂരിൽ അവതരിച്ചതെന്നാണ് കഥ. പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായാണ് മമ്മിയൂരിൽ ശിവൻ അവതരിച്ചതെന്നാണ് ഐതിഹ്യം. തന്മൂലം ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുന്ന ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് അതായത് വടക്കുപടിഞ്ഞാറ് നോക്കിയാണ് ശിവനെ വന്ദിക്കുന്നത്.
നാലമ്പലത്തിന്റെ പടിഞ്ഞാറെ ഭിത്തിയിൽ കരിങ്കല്ലിൽ അതിസുന്ദരമായി കൊത്തിയെടുത്ത ഒരു അനന്തശയന ശില്പമുണ്ട്. ഇതിന് തൊട്ടടുത്താണ് കരിങ്കൽ തൂണിലെ ഹനുമാൻ ശില്പം. നമസ്‌കാരമണ്ഡപത്തിന്റെ വടക്കു ഭാഗത്തായി മുളയറയുടെ മുന്നിലായി കാണുന്നതാണ് മണികിണർ അഥവാ രുദ്രകൂപം.
അമ്പലത്തിന്റെ കിഴക്കേ നടയിലാണ് പ്രസിദ്ധമായ മഞ്ജുളാൽ എന്ന അരയാൽ മരം നിൽക്കുന്നത്. ഇവിടെ നിന്നാണ് ഉത്സവത്തിന്റെ ആദ്യ ദിവസം ആനയോട്ടം നടക്കുന്നത്. ഈ ആൽത്തറയിൽ നിന്നും നോക്കിയാൽ ശ്രീകോവിലിലെ വിഗ്രഹം ദർശിക്കാൻ സാധിക്കും. കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിലായാണ് കാര്യാലയ ഗണപതിയുടെ പ്രതിഷ്ഠ. ഈ ശ്രീകോവിലിനും മേൽക്കൂരയില്ല. മറ്റുള്ള ഗണപതി വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വിഗ്രഹത്തിൽ ഇടതുഭാഗത്താണ് തുമ്പിക്കൈ.
കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. നാളികേരമുടക്കലാണ് ഇവിടുത്തെ പ്രധാനവഴിപാട്. കിഴക്കുഭാഗത്തുനിന്നുവരുന്ന ഭൂരിപക്ഷം ഭക്തരും ഇവിടെ തൊഴുതശേഷമാണ് ഗുരുവായൂരപ്പദർശനത്തിനായി ചെല്ലുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ദേവസ്വം സത്രത്തിന്റെ വളപ്പിലാണ് നാഗദൈവങ്ങളുടെ സ്ഥാനം. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടക്കാറുണ്ട്.
ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് എല്ലാ ഫലങ്ങളും ലഭിക്കണമെങ്കിൽ സമീപത്തെ ചില ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കണം എന്നാണ് ചൊല്ല്. മമ്മിയൂർ മഹാദേവക്ഷേത്രം, തിരുവെങ്കിടം ക്ഷേത്രം, പാർഥസാരഥി ക്ഷേത്രം എന്നിവയാണ് ആ ക്ഷേത്രങ്ങൾ ചൊവ്വല്ലൂർ ശിവക്ഷേത്രം, പെരുന്തിട്ട ശിവക്ഷേത്രം തുടങ്ങിയവയും സമീപത്തെ പ്രധാന ക്ഷേത്രങ്ങളാണ്.
ക്ഷേത്രത്തിന്റെ പഴക്കത്തെയും ചരിത്രത്തെയും കുറിച്ച് പറയുന്ന രേഖകൾ ലഭ്യമല്ലെങ്കിലും അയ്യായിരം വർഷത്തിലധികം പഴക്കം ഇതിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തിൽ ദ്രാവിഡ ക്ഷേത്രവും പിന്നീടിത് ബുദ്ധ ക്ഷേത്രവുമായി മാറി. തമിഴിലെ ഉൾപ്പെടെയുള്ള പല പ്രധാന കൃതികളിലും ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.