തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി ചർച്ചചെയ്യാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന് ഡൽഹിയിലേക്ക്. കൂടിക്കാഴ്ചയിൽ കോഴിക്കോട് റീജിനൽ വൈറോളജി ലാബിന് അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്ന് അറിയിക്കുകയും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
രണ്ട് വർഷത്തിനുള്ളിൽ ലാബ് പ്രവർത്തന സജ്ജമാക്കാൻ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. അതേസമയം കേരളം സന്ദർശിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അങ്ങനെയുണ്ടായാൽ സംസ്ഥാനത്തേക്ക് വരുമെന്നും ഹർഷവർദ്ധൻ അറിയിച്ചു. കൂടാതെ നിപയുടെ ഉറവിടത്തെപ്പറ്റിയും, നിലവിലെ കേരളത്തിലെ സാഹചര്യത്തെപ്പറ്റിയും കേരളത്തിലുള്ള കേന്ദ്ര സംഘം പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി.