gun

കൊല്ലം: ഹൈവേയിൽ കാറിലെത്തി യാത്രാ സംഘത്തെ തോക്ക് ചൂണ്ടി കവർച്ചയ്‌ക്ക് ശ്രമിച്ച മൂവർ സംഘം അറസ്‌റ്റിൽ. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശികളായ അർപ്പിത് നായർ, മിഥിൽ രാജ്, ശ്രീജിത്ത് എന്നിവരെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഓച്ചിറ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. എറണാകുളം വൈറ്റിലയിൽ പോയി കാറിൽ മടങ്ങുകയായിരുന്ന കോയിവിള സ്വദേശി പ്രകാശും ഭാര്യയും ഉൾപ്പടെയുള്ള ബന്ധുക്കളായ മൂന്ന് സ‌്ത്രീകൾ സഞ്ചരിച്ച കാറ് തടഞ്ഞാണ് കവർച്ചയ്‌ക്ക് ശ്രമം നടന്നത്.

ആലപ്പുഴ ഭാഗത്ത് നിന്ന് ആഢംബര കാറിൽ പ്രകാശ് ഓടിച്ചിരുന്ന വാഹനത്തെ പിൻതുടർന്ന സംഘം പലയിടത്ത് വച്ചും കാർ തടയാൻ ശ്രമിച്ചു. ഈ ശ്രമങ്ങളെ അതിജീവിച്ച പ്രകാശ് കൃ​ഷ്‌ണപുരത്ത് എത്തിയപ്പോൾ ഓച്ചിറ പൊലീസിനെ വിവരം അറിയിച്ചു. ഓച്ചിറ ജംഗ്‌ഷനിൽ വൻ സന്നാഹവുമായി അണി നിരന്ന പൊലീസ് മൂവർ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞു അവരെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരിൽ നിന്ന് കണ്ടെടുത്ത എയർ പിസ്‌റ്റൽ രാത്രി കാലങ്ങളിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി കവർച്ചയ്‌ക്ക് ഉപയോഗിക്കുന്നതാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

മൂവരും മദ്യ ലഹരിയിലായിരുന്നു. ഗുജറാത്തിൽ ജനിച്ചു വളർന്ന അർപ്പിത് നായർ അർബുദ രോഗത്തിന് ചികിത്സയിലാണ്. രോഗത്തിന്റെ പിടിയിലായതിനാൽ വീട്ടുകാർ നൽകിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തു കുഴപ്പങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. എങ്കിലും ആലപ്പുഴയിൽ ഇവർക്ക് കേസുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്‌‌റ്റഡിയിലാണ്. എയർ ഗണിന് ലൈസൻസ് ആവശ്യമില്ലെങ്കിലും ഇത് വാങ്ങിയത് അംഗീകൃത ആർമറിയിൽ നിന്നാണോ എന്ന് പൊലീസ് പരിശോധിക്കും.​