കോട്ടയം: അയൽവാസിയുമായുള്ള സാമ്പത്തിക തർക്കം പറഞ്ഞു തീർക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിന് എസ്.ഐയുടെ ഭീഷണി. സ്ത്രീപീഡനക്കേസിൽ ഉൾപ്പെടുത്തി അകത്താക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതായി പാലക്കാട്ടുമല സ്വദേശിയായ യുവാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നൽകിയ പരാതിയിൽ പറയുന്നു. മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ കളക്ടർ, ഡി. ജി. പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
ഒരു ലക്ഷം രൂപ നൽകാനുണ്ടെന്ന് കാട്ടി പാലക്കാട്ടുമല സ്വദേശിക്കെതിരെ അയൽവാസിയുടെ വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതനുസരിച്ച് പ്രതിയെയും വാദിയെയും മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് എസ്.ഐ ഭീക്ഷണിപ്പെടുത്തിയതത്രേ. 65,000 രൂപ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്താക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ബലമായി സ്റ്റേഷൻ രേഖയിൽ എഴുതിവെപ്പിച്ചുവെന്നും എസ്. ഐ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പൊലീസ് ഭീഷണി കാരണം വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും താനും കുടുംബവും ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പരാതിയിൽ പറയുന്നു. യുവാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായിട്ടാണ് അറിയുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു.