cinderella-

രാജകുമാരിയോ രാജകുമാരനോ ആകാൻ സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എങ്കിൽ പാരീസിലെ പ്രസിദ്ധമായ എന്റർടെയ്ൻമെന്റ് റിസോർട്ടായ ഡിസ്‌നിലാന്റിൽ എത്തുക. വാൾട്ട് ഡിസ്‌നിയുടെ ലോകപ്രസിദ്ധ നാടോടിക്കഥകളിലെ സിൻഡ്രല്ല, ഔറോറ, എൽസ, സ്നോവൈറ്റ്, ഏരിയൽ തുടങ്ങിയ രാജകുമാരിമാരുടെയും പ്രിൻസ് ചാർമിംഗ്, ഫിലിപ്പ്, ഫ്ലിൻ റൈഡർ, ആദം തുടങ്ങിയ രാജകുമാരൻമാരുടെയും വേഷമിടാനാണ് ഡിസ്‌നിലാന്റ് ആളെ തേടുന്നത്. ആകെ 50 പേരെയാണ് ആവശ്യം. അതിൽ ഫുൾടൈം ജോലികളും സീസണൽ ജോലികളും ഉണ്ട്.

അനുയോജ്യമായവരെ കണ്ടെത്താൻ രണ്ട് പ്രത്യേക ഓഡിഷനുകളാണ് ജൂൺ 8ന് നടക്കുക. എന്നാൽ, അത്ര എളുപ്പം ഇവിടെ കയറിപ്പറ്റാൻ ആകില്ല. വളരെ കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കഥാപാത്രങ്ങളുമായുള്ള മുഖസാമ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. രാജകുമാരിമാരാകാൻ എത്തുന്നവർക്ക് 160 മുതൽ 173 സെ.മീറ്റർ വരെയും രാജകുമാരൻമാർക്ക് 160 മുതൽ 183 സെ.മീറ്റർവരെയും ഉയരം നിർബന്ധമാണ്. ശരീരത്തിൽ ടാറ്റു പാടില്ല. കാഴ്‌ചയിൽ വളരെ ഭംഗിയുള്ളവരും ഉത്സാഹഭരിതരും ആയിരിക്കണം.

ഇപ്പറ‌ഞ്ഞ സവിശേഷതകൾ ഒന്നുമില്ലാത്തവർക്ക് ഡിസ്‌നിലാന്റിലെ പരേഡ് പെർഫോമറാകാനും അവസരം ഉണ്ട്. പക്ഷേ, ഡാൻസ് നല്ല വശമുണ്ടായിരിക്കണമെന്ന് മാത്രം.