ന്യൂഡൽഹി: ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷേകേക്കിൽ വച്ചാണ് ഉച്ചകോടി നടക്കുക.
ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയാൽ അതിർത്തി കടന്നുള്ള ഭീകരവാദം ചർച്ചയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അഭിനന്ദനമറിയിച്ച് ഇമ്രാൻ ഖാൻ ഫോണിൽ വിളിച്ചപ്പോൾ ഈ പ്രതീക്ഷ വർദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇമ്രാൻ ഖാനെ ഇന്ത്യ ക്ഷണിച്ചിരുന്നില്ല. ഇതിലുള്ള അതൃപ്തി പാക് വിദേശകാര്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 2016ലെ ഉറി ഭീകരാക്രമണത്തിനു ശേഷം ഉലഞ്ഞ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായത് ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തോടെയാണ്.
റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ചേർന്ന് 2001 മുതലാണ് എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചത്. പാകിസ്ഥാനൊപ്പം ഇന്ത്യയ്ക്കും 2017ലാണ് ഉച്ചകോടിയിൽ അംഗത്വം ലഭിച്ചത്.