telangana

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തിന് പിന്നാലെ ആന്ധ്രാപ്രദേശിൽ കോൺഗ്രസിനെ നാണം കെടുത്തി പുതിയ സംഭവ വികാസങ്ങൾ. സംസ്ഥാനത്ത് കോൺഗ്രസിനുള്ള 18 എം.എൽ.എമാരിൽ 12 പേർ ഇന്ന് സ്പീക്കർ പോച്ചാറാം ശ്രീനിവാസിനെ കണ്ട് കോൺഗ്രസ് നിയമസഭാ കക്ഷിയെ ടി.ആർ.എസിൽ ലയിക്കാൻ അനുവദിക്കണമെന്നാണ് കത്ത് നൽകി. നിയമം അനുസരിച്ച് ഒരു പാർട്ടിക്ക് മറ്റൊന്നിൽ ലയിക്കണമെങ്കിൽ ആകെയുള്ള നിയമസഭാംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ പിന്തുണ മതി. ഇതോടെ കോൺഗ്രസിന് സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന സ്ഥാനവും നഷ്‌ടമാകും.

കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 എം.എൽ.എമാരെ മാത്രമേ വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതിന് പിന്നാലെ തന്നെ ഏഴോളം എം.എൽ.എമാർ ടി.ആ‍ർ.എസ് പക്ഷത്തേക്ക് കൂറുമാറിയിരുന്നു. പക്ഷേ, മൂന്നിൽ രണ്ട് എം.എൽ.എമാരുടെ പിന്തുണ ഇല്ലാത്തതിനാൽ സ്പീക്കറെ സമീപിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, പാലർമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ എൻ.ഉത്തം കുമാർ റെഡ്ഡി കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവച്ചു. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് എം.എൽ.എമാരുടെ അംഗസംഖ്യ 18ലേക്ക് ചുരുങ്ങി. പിന്നാലെ സ്പീക്കറെ കണ്ട വിമത എം.എൽ.എമാർ കോൺഗ്രസ് നിയമസഭാ കക്ഷിയെ ടി.ആർ.എസിൽ പിന്തുണ നൽകിക്കൊണ്ടുള്ള കത്ത് കൈമാറുകയായിരുന്നു.

അതേസമയം,​ പ്രതിപക്ഷത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ടി.ആർ.എസിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണും. തെലങ്കാനയിൽ പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. കോൺഗ്രസിനെ തള്ളിപ്പറയുന്ന എം.എൽ.എമാർ ജനങ്ങളോട് കണക്ക് പറയേണ്ടി വരുമെന്നും പാർട്ടി നേതൃത്വം പ്രതികരിച്ചു. ഇക്കാര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ സ്പീക്കറുടെ വസതിക്ക് മുന്നിൽ കുത്തിയിരിക്കുകയും ചെയ്‌തു.