cot-naseer

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതിയെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച തലശ്ശേരി സ്വദേശി വിശ്വാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 18ന് രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന നസീറിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കൈക്കും തലയിലും വയറിനുമാണ് വെട്ടേറ്റത്. സി.പി.എം പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും സി.ഒ.ടി നസീർ ആവശ്യപ്പെട്ടിരുന്നു. അതേസമയം നസീറിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നു.

തലശ്ശേരി നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു സി.ഒ.ടി നസീർ. സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു, അന്ന് പാർട്ടി സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ൽ പാർട്ടിയുമായി അകന്നു.