അലിഗഡ്: ഉത്തർപ്രദേശിൽ രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അക്രമികൾ കണ്ണ് ചൂഴ്‌ന്നെടുത്തു. സംഭവത്തിൽ അയൽക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ കടംവാങ്ങിയ 10,000 രൂപ തിരികെ നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സാഹിദ്, അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്. യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപലിലാണ് സംഭവം. പെൺകുട്ടിയുടെ വീടിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ശരീരഭാഗങ്ങൾ തെരുവ് നായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നുദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. പണമിടപാടിന്റെ വിവരങ്ങൾ ആദ്യംതന്നെ പൊലീസിന് ലഭിച്ചിരുന്നു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രദേശത്തെ റോഡ് ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.