trump

വാഷിംഗ്ടൺ: ആഗോള കാലാവസ്ഥ വ്യതിയാനത്തിൽ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ രാജ്യങ്ങളിൽ ശുദ്ധമായ വായുവും ജലവുമില്ലെന്നും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം ഇവർ നിർവഹിക്കുന്നില്ലെന്നുമാണ് ട്രംപ് കുറ്റപ്പെടുത്തിയത്. മലിനീകരണത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചും ഈ രാജ്യങ്ങൾക്ക് സാമാന്യ ബോധം പോലുമില്ലെന്ന് ആരോപിച്ച ട്രംപ് അമേരിക്കയുടേത് ഏറ്റവും വൃത്തിയുള്ള കാലാവസ്ഥയാണെന്നും അവകാശപ്പെട്ടു.

ത്രിദിന സന്ദർശനത്തിനായി ഇംഗ്ലണ്ടിലെത്തിയ ട്രംപ് ബ്രിട്ടീഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്

ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഈ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ ചെന്നാൽ, നിങ്ങൾക്ക് ശ്വസിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് കളിയാക്കി.

ആഗോളതാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടി, അമേരിക്ക പോലുള്ള രാജ്യങ്ങളെ കുഴപ്പത്തിലാക്കുന്നതും ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളെ സഹായിക്കുന്നതുമാണെന്ന് ട്രംപ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. കരാറിലെ വ്യവസ്ഥകൾ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ച് 2017ലാണ് അമേരിക്ക ഉടമ്പടിയിൽ നിന്നു പിന്മാറിയത്.