റിപ്പോ നിരക്ക് ഒമ്പത് വർഷത്തെ താഴ്ചയിൽ
കൊച്ചി: ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്ക് താഴാൻ വഴിയൊരുക്കി റിസർവ് ബാങ്ക് വീണ്ടും റിപ്പോനിരക്ക് കാൽ ശതമാനം കുറച്ചു. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോ ആറ് ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ ഒമ്പതു വർഷത്തെ താഴ്‌ന്ന നിരക്കാണിത്. 2013ന് ശേഷം തുടർച്ചയായി മൂന്നു തവണ റിപ്പോ കുറച്ചുവെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരിയിലും ഏപ്രിലിലും റിപ്പോ കാൽശതമാനം വീതം കുറച്ചിരുന്നു.
ബാങ്കുകൾ റിസർവ് ബാങ്കിൽ നടത്തുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ കാൽ ശതമാനം കുറച്ച് 5.50 ശതമാനമാക്കി. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന അടിയന്തര വായ്‌പയുടെ പലിശയായ മാർജിനൽ സ്‌റ്രാൻഡിംഗ് ഫെസിലിറ്രി (എം.എസ്.എഫ്) 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനത്തിലേക്കും കുറച്ചു. കരുതൽ ധന അനുപാതം (സി.ആർ.ആർ) നാല് ശതമാനത്തിലും സർക്കാർ കടപ്പത്രങ്ങളിൽ ബാങ്കുകൾ നിർബന്ധമായും നടത്തേണ്ട നിക്ഷേപത്തിന്റെ നിരക്കായ സ്‌റ്രാറ്ര്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എൽ.ആർ) 19 ശതമാനത്തിലും തുടരും.
പണമിടപാട് രീതികളായ എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് എന്നിവയ്ക്ക് ബാങ്കുകൾ ഫീസ് ഈടാക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതും ആശ്വാസകരമാണ്. രണ്ടു ലക്ഷം രൂപ വരെയുള്ള പണമിടപാട് സാദ്ധ്യമാക്കുന്ന എൻ.ഇ.എഫ്.ടിക്ക് ഒരു രൂപ മുതൽ അഞ്ചു രൂപ വരെയും രണ്ടു ലക്ഷം രൂപയ്‌ക്കുമേൽ ഇടപാട് നടത്താവുന്ന ആർ.ടി.ജി.എസിന് അഞ്ചു രൂപ മുതൽ 50 രൂപ വരെയുമാണ് എസ്.ബി.ഐ ഫീസ് ഈടാക്കിയിരുന്നത്. ഇതിനി ഒഴിവാകും.