nokia-9

5 ബാക്ക് ക്യാമറകളുമായി എത്തുന്ന നോക്കിയ 9 പ്യുവർ വ്യൂ ഇന്ന് ഡൽഹിയിൽ ലോഞ്ച് ചെയ്യുന്നു. പെന്റാഗണൽ ക്യാമറ സെറ്റപ്പ് ആണ് പുതിയ നോക്കിയ സ്മാർട്ട്ഫോണിൽ ഉള്ളത്. 12 മെഗാപിക്‌സലിലുള്ള 5 ക്യാമറകൾ പുറകുവശത്ത് ഘടിപ്പിച്ചിട്ടുള്ള നോക്കിയ 9 പ്യുവർവ്യൂ വഴി ഏറ്റവും മികച്ച ചിത്രങ്ങൾ ഒപ്പിയെടുക്കാനാവുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു.

സയസ് ലെൻസുകൾ ഉപയോഗിക്കുന്ന 5 ക്യാമറകളിൽ 4 എണ്ണവും എഫ് 1.82 അപ്പേർച്ചർ ഉള്ളവയാണ്. അതുകൊണ്ട് സാധാരണക്കാർക്ക് മാത്രമല്ല പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും ഈ സ്‍മാർട്ട്ഫോൺ നൽകുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ക്യാമറകളിൽ നാല് ആർ.ജി.ബി സെൻസറുകളും 2 മോണോക്രോം സെൻസറുകളുമാണ് ഉള്ളത്. 5.99 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനിൽ ഗൊറില്ല ഗ്ലാസ് 5 ആണ് ഘടിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈ പ്ലാറ്റഫോമിലാണ് ഫോൺ പ്രവർത്തിക്കുക. സ്നാപ്പ്ഡ്രാഗൺ 845 പ്രോസസറും 6 ജി.ബി റാമുമായാണ് നോക്കിയ 9 പ്യുവർ വ്യൂവിന്റെ വരവ്.

ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. സ്‌ക്രീനിൽ മാത്രം വിരൽ പതിപ്പിച്ച് ഫോൺ തുറക്കാൻ ആകും എന്നാണ് ഇതിന്റെ അർത്ഥം. മാത്രമല്ല വാട്ടർ റെസിസ്റ്റന്റ്(ഐ.പി 67 റേറ്റിംഗ് )കൂടിയാണ് നോക്കിയ 9 പ്യുവർ വ്യൂ. ഇന്ത്യയിൽ 49,650 രൂപയാണ് നോക്കിയ 9 പ്യുവർ വ്യൂവിന് കമ്പനി വിലയിട്ടിരിക്കുന്നത്. 3320 എം.എ.എച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. 128 ജി.ബി. ഇൻബിൽട്ട് സ്റ്റോറേജ് സ്പേസും ഫോണിലുണ്ട്. ഡ്യുവൽ സിം സൗകര്യവും ഫോണിൽ ഉൾച്ചേർത്തിരിക്കുന്നു.

ഇന്ന് വൈകിട്ടോടെ ന്യൂ ഡൽഹിയിൽ വച്ചാണ് ഈ നോക്കിയ 9 പ്യുവർ വ്യൂ ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങുന്നത്. മുൻപ് ഫെബ്രുവരിയിൽ സ്‌പെയിനിലെ ബാഴ്‌സലോണയിൽ വച്ചാണ് ഈ ഫോൺ ആദ്യം ടെക് പ്രേമികളുടെ കൈയിൽ എത്തുന്നത്. നേരത്തെ ചൈനയിൽ ഇറങ്ങിയ നോക്കിയ എക്സ് 71ന്റെ റീബ്രാൻഡഡ്‌ വേർഷനാണ് നോക്കിയ 9 പ്യുവർ വ്യൂ.