prasanth-kishore-

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് പിന്നാലെ, തെലങ്കാനയിലും കോൺഗ്രസിന് കഷ്ടകാലം. സംസ്ഥാനത്ത് കോൺഗ്രസിന്റെ 12 എം.എൽ.എമാർ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) യിൽ ചേർന്നു. പാർട്ടി മാറുന്നതിനായി എം.എൽ.എമാർ നിയമസഭാ സ്പീക്കർ പോച്ചാം ശ്രീനിവാസ റെഡ്ഡിക്കു കത്ത് നൽകി.

119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസിന് 19 എം.എൽ.മാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ ഉത്തംകുമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കൊണ്ട് എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 18 ആയി. പുതിയ രാഷ്ട്രീയ കൂറുമാറ്റത്തോടെ കോൺഗ്രസിന്റെ അംഗസംഖ്യ വെറും ആറായി ചുരുങ്ങിയിരിക്കുകയാണ്. ഇതോടെ, തെലങ്കാന നിയമസഭയിൽ കോൺഗ്രസിന്റെ പ്രതിപക്ഷസ്ഥാനം നഷ്ടമായേക്കും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയം കാണാനായത്. കെ. ചന്ദ്രശേഖരറാവുവിന്റെ ടി.ആർ.എസിന് ഒമ്പതും ബി.ജെ.പിക്ക് നാലുമായിരുന്നു സീറ്റ് നില. നേരത്തേ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ 11 എം.എൽ.എമാർ പാർട്ടിവിടും എന്ന് സൂചനകളുണ്ടായിരുന്നെങ്കിലും മുതിർന്ന നേതാക്കളിടപെട്ടതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.

''എം.എൽ.എമാരുടെ നീക്കത്തെ ജനാധിപത്യപരമായി നേരിടും. നിയമസഭാ സ്പീക്കറെ ഇന്നലെ രാവിലെ മുതൽ അന്വേഷിക്കുകയാണ്. അദ്ദേഹത്തെ കാണാനില്ല" -എൻ. ഉത്തംകുമാർ, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ

 കക്ഷിനില (2018 ഡിസംബർ)

ടി.ആർ.എസ് - 88

കോൺഗ്രസ് - 19

എ.ഐ.എം.ഐ.എം - 7

ബി.ജെ.പി - ഒന്ന്