loan

കൊച്ചി: ഏവരും പ്രതീക്ഷിച്ചതുപോലെ റിസർവ് ബാങ്ക് വീണ്ടും പലിശഭാരം കുറച്ചു. തുടർച്ചയായ മൂന്നാംതവണയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറയ്ക്കുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലും കാൽ ശതമാനം വീതം റിപ്പോ കുറച്ചിരുന്നു. റിപ്പോ തുടർച്ചയായി മൂന്നുവട്ടം കുറയുന്നത് 2013ന് ശേഷം ആദ്യമാണ്. ഒമ്പത് വർഷത്തെ താഴ്‌ചയിലാണ് നിലവിൽ റിപ്പോ.

ലക്ഷ്യമിട്ടതിനേക്കാളും ഏറെത്താഴ്‌ന്നു നിൽക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം, അഞ്ചുവർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ ജി.ഡി.പി വളർച്ച എന്നിവയാണ് റിപ്പോ നിരക്കിൽ വീണ്ടും ഇളവ് വരുത്താൻ റിസർവ് ബാങ്കിനെ ഇന്നലെ പ്രേരിപ്പിച്ചത്. ആഗോള സമ്പദ്‌രംഗത്തെ അസ്ഥിര, ക്രൂഡോയിൽ വിലിയിടിവ്, നിക്ഷേപമാന്ദ്യം എന്നിവയും പലിശ കുറയ്ക്കാനുള്ള കാരണങ്ങളാണ്. റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഏപ്രിലിൽ ഇത് 2.92 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ (2018-19 ജനുവരി - മാർച്ച്) ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് മോദി സർക്കാരിനും വലിയ ക്ഷീണമായിരുന്നു.

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനവും ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടു. ജി.ഡി.പിയിലെ നഷ്‌ടപ്രതാപം വീണ്ടെടുക്കുകയും വളർച്ച 7-8 ശതമാനത്തിലേക്ക് തിരിച്ചെത്തിക്കുകയും പലിശ കുറച്ചതിന്റെ ലക്ഷ്യമാണ്. കയറ്റുമതി തളർച്ച ഒഴിവാക്കി വ്യാപാരക്കമ്മി കുറയ്‌ക്കുകയും ഉത്‌പാദന മേഖലയ്ക്ക് പണലഭ്യത ഉറപ്പാക്കുകയും പലിശയിളവിന്റെ ലക്ഷ്യമാണ്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയിലെ (എം.പി.സി) എല്ലാവരും ഇന്നലെ പലിശയിളവിനോട് യോജിച്ചു. ദാസിന് പുറമേ ഡെപ്യൂട്ടി ഗവർണർ ഡോ. വിരാൽ വി. ആചാര്യ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മൈക്കൽ പാത്ര, സ്വതന്ത്ര അംഗങ്ങളായ ഡോ. ഛേതൻ ഖാട്ടെ, ഡോ. പാമി ദുവ, ഡോ. രവീന്ദ്ര എച്ച്. ധൊലാക്കിയ എന്നിവരാണ് എം.പി.സിയിലുള്ളത്.

പുതിയ നിരക്കുകൾ

കുറയുമോ പലിശഭാരം?

റിസർവ് ബാങ്ക് റിപ്പോ കുറച്ചെങ്കിലും ബാങ്കുകൾ ഇതിന് ആനുപാതികമായി പലിശ കുറച്ചാൽ മാത്രമേ വായ്‌പാ ഇടപാടുകാർക്ക് നേട്ടമുണ്ടാകൂ. എം.സി.എൽ.ആ., ബി.പി.എൽ.ആർ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്‌പാപ്പലിശ നിർണയിക്കുന്നത്. പുതുതായി വായ്‌പ തേടുന്നവർ, ബാങ്ക് എം.സി.എൽ.ആർ നിരക്ക് പരിഷ്‌കരിച്ച ശേഷം വായ്‌പ എടുക്കുമ്പോൾ കുറഞ്ഞ പലിശയുടെ പ്രയോജനം നേടാം. നിലവിൽ വായ്‌പയുള്ളവർക്ക്, വായ്‌പയുടെ പുതുക്കൽ തീയതി വരുമ്പോഴേ പലിശ ഇളവിന്റെ നേട്ടം കിട്ടൂ.

ഇ.എം.ഐ: നേട്ടം

ഇങ്ങനെ

റിപ്പോ നിരക്ക് കുറച്ചത് ബാങ്ക് വായ്‌പയുടെ പലിശ ബാദ്ധ്യത കുറയാൻ സഹായകമാണ്. ഉദാഹരണത്തിന് 20 വർഷത്തേക്ക് എടുത്ത 30 ലക്ഷം രൂപയുടെ ഭവന വായ്‌പയുടെ തിരിച്ചടവിൽ ₹1ലക്ഷത്തിലേറെ കുറവ് വരും.

നാണയപ്പെരുപ്പം മേലോട്ട്

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപകുതിയിൽ റീട്ടെയിൽ നാണയപ്പെരുപ്പം 2.9-3.0 ശതമാനവും രണ്ടാംപകുതിയിൽ 3.5-3.8 ശതമാനവും ആയിരിക്കുമെന്നാണ് ഏപ്രിലിൽ റിസർവ് ബാങ്ക് വിലയിരുത്തിയിരുന്നത്. ഇന്നലത്തെ യോഗത്തിൽ ഇത്, ആദ്യ പകുതിയിൽ 3.0-3.1 ശതമാനവും രണ്ടാംപകുതിയിൽ 3.4-3.7 ശതമാനവും ആയിരിക്കുമെന്ന് റിസർവ് ബാങ്ക് തിരുത്തി.

തളർച്ചയുടെ

പാതയിൽ ഇന്ത്യ

നടപ്പുവർഷം (2019-20) ഇന്ത്യ 7.2 ശതമാനം വളരുമെന്ന ഏപ്രിലിലെ അഭിപ്രായം ഇന്നലെ റിസർവ് ബാങ്ക് തിരുത്തി. ഏഴ് ശതമാനമാണ് പുതിയ പ്രതീക്ഷ. ആദ്യപകുതിയിലെ വളർച്ചാപ്രതീക്ഷ 6.4-6.7 ശതമാനത്തിലേക്കും കുറച്ചു. രണ്ടാംപകുതിയിൽ പ്രതീക്ഷിക്കുന്നത് 7.2-7.5 ശതമാനമാണ്. കയറ്റുമതി തളർച്ച, ഉപഭോഗത്തിലുണ്ടാകുന്ന മാന്ദ്യം എന്നിവ ആദ്യപകുതിയിൽ തിരിച്ചടിയാകും. രണ്ടാംപകുതിയിൽ സ്ഥിതിഗതികൾ മെച്ചപ്പെടും.

എ.ടി.എം ഫീസ്:

പഠിക്കാൻ സമിതി

എ.ടി.എം ഫീസ് നിരക്ക് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ സി.ഇ.ഒ അദ്ധ്യക്ഷനായ സമിതിക്ക് റിസർവ് ബാങ്ക് രൂപംനൽകി. രണ്ടുമാസത്തിനകം സമിതി റിപ്പോർട്ട് നൽകും. നിലവിലെ പേമെന്റ് ബാങ്കുകളുടെ പ്രകടനം വിലയിരുത്തിയ ശേഷം, പുതിയ ലൈസൻസ് അപേക്ഷകൾ പരിഗണിക്കാനും തീരുമാനമായി.

നിലപാടിൽ മാറ്റം

പലിശ നിരക്കിനോടുള്ള 'ന്യൂട്രൽ" നിലപാട് മാറ്റി 'അക്കോമഡേറ്റീവ്" മനോഭാവം റിസർവ് ബാങ്ക് സ്വീകരിച്ചു. പലിശ കുറയ്‌ക്കുകയും പണലഭ്യത ഉറപ്പാക്കുകയും ചെയ്യുന്ന നിലപാടാണിത്.

തൃപ്‌തിയില്ല; ഓഹരി

വിപണി ഇടിഞ്ഞു

കൊച്ചി: റിപ്പോ കാൽ ശതമാനം കുറച്ചിട്ടും നിക്ഷേപകർ തൃപ്‌തരാകാത്തതിനെ തുടർന്ന് ഓഹരി വിപണി ഇന്നലെ ഇടിഞ്ഞു. സെൻസെക്‌സ് 553 പോയിന്റിടിഞ്ഞ് 39,529ലും നിഫ്‌റ്റി 177 പോയിന്റിടിഞ്ഞ് 11,843ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്ക് അര ശതമാനം പലിശ കുറയ്‌ക്കുമെന്നാണ് നിക്ഷേപകരിലേറെയും പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയായി, മൂന്നുവട്ടം പലിശ കുറച്ചത് ഇന്ത്യയുടെ സമ്പദ്‌സ്ഥിതി ഭദ്രമല്ലെന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലും തിരിച്ചടിയായി. സെൻസെക്‌സിന്റെ മൂല്യത്തിൽ ഇന്നലെ നഷ്‌ടമായത് 2.22 ലക്ഷം കോടി രൂപയാണ്.