നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ലക്ഷ്‌മി രാജഗോപാലാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് സെപ്‌തംബർ ഒന്നിനാണ് വിവാഹം. ഇന്ന് നടന്ന വിവാഹ നിശ്‌ചയത്തിന്റെ ചിത്രങ്ങൾ അനൂപ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ബിടെക് പൂർത്തിയാക്കിയ ശേഷം പശുഫാമും കൃഷിയുമായി കാർഷിക മേഖലയിൽ സജീവമായിരിക്കുന്നയാളാണ് ലക്ഷ്മി രാജഗോപാൽ.
സിനിമാ നടനെന്നതിലുപരി മികച്ച ഒരു കർഷകൻ കൂടിയാണ് അനൂപ്. ചേർത്തലയിലെ സന്നിധാനം എന്ന വീട്ടിലെ ഫാമിൽ അനൂപ് നെല്ലും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രീതി നേടാനും അനൂപിനായി.
കൃഷി ഉപജീവനമാക്കുകയും കാർഷിക മേഖലയെ സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനൂപ് ചന്ദ്രൻ. അച്ഛന്റെ സുഹൃത്ത് രാജാമുഹമ്മദ് ആണ് ലക്ഷ്‌മിയെകുറിച്ച് പറയുന്നതെന്നും കർഷകയാണെന്ന് കേട്ടതോടെ കാണാൻ തീരുമാനിക്കുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു. ഗുരുവായൂരിൽ നടക്കുന്ന വിവാഹത്തിന് ശേഷം സിനിമാ രാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് കണിച്ചു കുളങ്ങരയിൽ പ്രത്യേക വിരുന്നും ഒരുക്കുന്നുണ്ട്.
സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമായിരുന്നു അനൂപിന്റെ സിനിമാ പ്രവേശം. ബ്ളാക്ക്, ക്ളാസ്‌മേറ്റ്‌സ്, രസതന്ത്രം, നാദിയ കൊല്ലപ്പെട്ട രാത്രി, മലബാർ വെഡ്ഡിംഗ്, രാമൻ തുടങ്ങിയചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.