prasant-kishore

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയുടെ കോട്ടം സംഭവിച്ച പ്രതിച്ഛായയെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി പ്രശാന്ത് കിഷോർ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണം നയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിജയത്തിലേക്ക് എത്തിയ്ക്കുകയും ചെയ്ത പ്രചാരണ തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ.

കിഷോറുമായി മമത രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താനും ജനങ്ങൾക്കിടയിൽ മമതയുടെ ജനപ്രീതി വർദ്ധിപ്പിക്കാനുമാണ് കിഷോറിന്റെ വരവ് എന്നാണ്‌ വിദഗ്ധർ നിരീക്ഷിക്കുന്നത്. കൂടിക്കാഴ്ചയിൽ തൃണമൂൽ എം.എൽ.എ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.

അടുത്ത മാസം മുതലാണ് പ്രശാന്ത് കിഷോർ തന്റെ പുതിയ ദൗത്യത്തിലേക്ക് കടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി. തങ്ങളുടെ സീറ്റ് വിഹിതം വർധിപ്പിച്ചപ്പോൾ മുതൽ തൃണമൂൽ കോൺഗ്രസും മമതയും പ്രതിസന്ധിയിലാണ്. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പിയെ തളയ്ക്കാനാണ് മമതയും തൃണമൂൽ കോൺഗ്രസും കിഷോറിന്റെ സഹായം തേടുന്നത്.

2014ൽ ബി.ജെ.പിയെ സഹായിച്ചത് കൂടാതെ, 2015ൽ നടന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ സർക്കാരിനെ അധികാരത്തിലെത്തിക്കാനും പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു. മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാ പ്രദേശിലെ 25ൽ 22 സീറ്റുകളും ജഗൻ മോഹൻ റെഡ്ഢി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസിന് നേടിക്കൊടുക്കാനും കിഷോറിനായി.