jacob

മൂന്ന് ആശുപത്രികൾക്കും എതിരേ കേസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലും സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലും ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും ചികിത്സ നിഷേധിച്ചതിനെത്തുർന്ന് കട്ടപ്പന സ്വദേശിയായ 72 കാരൻ ആംബുലൻസിൽ മരിച്ചു. വിവാദമായതോടെ കോട്ടയം ഗവ. മെഡിക്കൽ കോളേജിനും തെള്ളകത്തെ മാതാ, കാരിത്താസ് എന്നീ ആശുപത്രികൾക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

ചികിത്സ നിഷേധിച്ച ആശുപത്രികളിലേക്ക് രാഷ്ട്രീയ കക്ഷികൾ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. കാരിത്താസ് ആശുപത്രിയിലെ ജനൽചില്ലുകളും പൂച്ചട്ടികളും യുവമോർച്ച പ്രവർത്തകർ തകർത്തു.

ഇടുക്കി മുരിക്കാട്ടുകുടി കുമ്പളന്താനത്ത് ജേക്കബ് തോമസാണ് മരിച്ചത്. കടുത്ത പനിയും ശ്വാസതടസവും ബാധിച്ച രോഗിയുമായി മകളും സഹോദരപുത്രനും മറ്റും രണ്ടുമണിക്കൂറാണ് മൂന്ന് ആശുപത്രികളിലായി ഓടിനടന്നത്. ഈ സമയമെല്ലാം ആംബുലൻസിൽ രോഗി മരണത്തിലേക്ക് നീങ്ങുകയായിരുന്നു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട്ടുകാരനായ മുരുകൻ മരിച്ചതിന് സമാനമായ സംഭവമാണിത്.

ബന്ധുക്കൾ പറയുന്നത്:
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജേക്കബ് തോമസിനെ ഐ.സി.യു സംവിധാനമുള്ള ആംബുലൻസിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രണ്ടേമുക്കാൽ മണിക്കൂറെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. 45 മിനിട്ടോളം കാത്തുകിടന്നിട്ടും വൈദ്യസഹായം നൽകാനോ ആംബുലൻസിൽ നിന്ന് പുറത്തിറക്കാനോ ജീവനക്കാർ തയ്യാറായില്ല. രോഗിയുടെ നില ഏറെ ഗുരുതരമാണെന്നും ഓക്സിജൻ തീരുകയാണെന്നും ആംബുലൻസിലെ മെയിൽ നഴ്സും രോഗിയുടെ ബന്ധുക്കളും അത്യാഹിത വിഭാഗത്തിലെ പി.ആർ.ഒയോട് പറഞ്ഞു. ഡൽഹി എയിംസിലും യു.എ.ഇയിലുമായി പത്തുവർഷത്തിലേറെ കാർഡിയോളജി വിഭാഗത്തിൽ നഴ്സായിരുന്ന മകൾ റെനി പിതാവിന്റെ അവസ്ഥ വഷളാകുന്നത് അറിയിച്ചപ്പോൾ വെന്റിലേറ്ററും കിടക്കയും ഒഴിവില്ലെന്നും മറ്രെവിടെയങ്കിലും കൊണ്ടുപോകാനുമാണ് പി.ആർ.ഒ നിർദ്ദേശിച്ചത്. ഓക്സിജൻ തീർന്നെന്നും അടുത്ത ആശുപത്രിയിൽ എത്തുന്നതുവരെ ജീവൻ നിലനിറുത്താനുള്ള വൈദ്യസഹായം നൽകണമെന്നും കേണപേക്ഷിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. പിന്നീട് മൂന്ന് കിലോമീറ്റർ അകലെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റർ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു. അവിടെ നിന്ന് അരകിലോമീറ്റർ അകലെയുള്ള മാതാ ആശുപത്രിയിൽ എത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ഡോ. സിബി ജോസഫ് മൊബൈൽ ഫോണിൽ നോക്കിയിരുന്നതേയുള്ളൂ. ഗതികെട്ട് വൈകിട്ട് 4 മണിയോടെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരിച്ചെത്തി. അപ്പോഴും രണ്ട് ജൂനിയർ ഡോക്ടർമാർ രോഗിയെ പനി വാർഡിൽ കാണിക്കാൻ പറഞ്ഞിട്ട് മാറിനിന്നതേയുള്ളൂ. ഇതിനകം രോഗി മരിച്ചു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല.

ബന്ധുക്കൾ ബഹളം വച്ചതിനെത്തുടർന്ന് പൊലീസ് എത്തി ഡോക്ടറുമായി സംസാരിച്ചശേഷമാണ് മരണം സ്ഥിരീകരിച്ചത്.

പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനിൽകി. ഭാര്യ: മോളി ചാക്കോ, മറ്റ് മക്കൾ: റാണി, റോബിന,റോഷിന. മരുമക്കൾ: ഷാജി, പ്രമോദ് പി. ജോസഫ്, പരേതനായ സോണി. സംസ്കാരം ഇന്ന് കോഴിമല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.