car-accident

 ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരം

കൊല്ലം/അഞ്ചൽ: പ്രവേശനോത്സവ ദിനത്തിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്ന് കുട്ടികൾക്കും രണ്ടു രക്ഷിതാക്കൾക്കും പരിക്കേറ്റു. അഞ്ചൽ ഏറം ഗവ.എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ബിസ്മി (6), ബിസ്മിയുടെ ഒന്നര വയസുകാരിയായ സഹോദരി സുമയ്യ, ഇവരുടെ മാതാവ് ഏറം ഇടവയൽ പുത്തൻവീട്ടിൽ ഷീബ (28), ഒന്നാം ക്ലാസുകാരി നൂർജഹാൻ (6), മാതാവ് ഏറം പുലിയറതാഴത്ത് വീട്ടിൽ അൻസി (25) എന്നിവർക്കാണ് പരിക്കേറ്റത്. കഴുത്തിന് പൊട്ടലേറ്റ് ഗുരുതരമായി പരിക്കേറ്ര ബിസ്‌മിയെയും സഹോദരി സുമയ്യയെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമയ്യയുടെ പരിക്ക് സാരമുള്ളതല്ല.

ഇന്നലെ രാവിലെ 9 മണിയോടെ ഏറം ജംഗ്ഷന് സമീപമായിരുന്നു അപകടം. ബിസ്മിയെയും നൂർജഹാനെയും സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു അൻസിയും ഷീബയും. ബിസ്മിയുടെ അനുജത്തി സുമയ്യയെയും ഒപ്പം കൂട്ടി. നടന്നുപോവുകയായിരുന്ന ഇവർക്കിടയിലേക്ക് പിന്നിൽ നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. റോഡരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ തട്ടിയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. നാട്ടുകാർ ഉടൻ അഞ്ച് പേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് ബിസ്മിയെയും സുമയ്യയെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

പരിക്കേറ്റവരെല്ലാം ഏറം സ്വദേശികളും അയൽവാസികളുമാണ്. കാറോടിച്ചിരുന്ന കുരുവിക്കോണം സ്വദേശിയായ റിട്ട. അദ്ധ്യാപിക അജിതകുമാരിയെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേരിൽ അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽപ്പിച്ചതിന് കേസെടുത്തതായി അ‌ഞ്ചൽ പൊലീസ് പറഞ്ഞു. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മന്ത്രി കെ. രാജു, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.