കൊൽക്കത്ത: തിരഞ്ഞെടുപ്പ് ബുദ്ധിതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഇനി ബംഗാളിൽ മമതയുടെ രാഷ്ട്രീയ തേര് തെളിക്കും. കൊൽക്കത്തയിൽ ഇരുവരും രണ്ട് മണിക്കൂറോളം നടത്തിയ ചർച്ചയ്ക്കുശേഷമാണ് സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിന് വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ചാണക്യനെന്ന് പേരെടുത്ത പ്രശാന്തിനെ ഒപ്പംകൂട്ടാനുള്ള മമതയുടെ തീരുമാനം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിക്കൊപ്പമുള്ള പ്രശാന്ത് കിഷോറിന്റെ പ്രവർത്തനങ്ങൾ ജഗന്റെ വൈ.എസ്.ആർ കോൺഗ്രസിനെ വലിയ വിജയത്തിലാണ് എത്തിച്ചത്.
2021ൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് മമതയുടെ പുതിയ നീക്കം. 2014ൽ ആകെയുള്ള 42 ലോക്സഭാ സീറ്റുകളിൽ 34ലും വിജയം നേടിയ തൃണമൂലിന് ഇത്തവണ നേടാനായത് 22 സീറ്റുകളാണ്. അതേസമയം, എട്ടു സീറ്റുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ കിട്ടിയത് 18 സീറ്റുകളാണ്. സംസ്ഥാനത്ത് ബി.ജെ.പിയുടെ അപ്രതീക്ഷിത വളർച്ചയാണ് മമതയെ ഭയപ്പെടുത്തുന്നതും.
ജനതാദൾ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോർ കഴിഞ്ഞ വർഷം രാഷ്ട്രീയ രംഗപ്രവേശം നടത്തിയിരുന്നു. 2014 ൽ നരേന്ദ്ര മോദിക്കുവേണ്ടിയും 2015ൽ ബീഹാറിൽ നിതീഷ് കുമാറിനു വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപംനൽകിയത് പ്രശാന്ത് കിഷോറായിരുന്നു. ജഗൻമോഹന്റെ വിജയത്തിന് ശേഷം പല പാർട്ടികളും പ്രശാന്തിനെ ഒപ്പംകൂട്ടാനായി ശ്രമിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.