kamalahassan-

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയെക്കുറിച്ച് തമിഴ്നടനും മക്കൾ നീതിമയ്യം അദ്ധ്യക്ഷനുമായ കമലഹാസൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. 2013 ൽ കമൽ സംവിധാനം ചെയ്ത്, മുഖ്യ വേഷത്തിലെത്തിയ ''വിശ്വരൂപം" സിനിമയുമായി ബന്ധപ്പെട്ട് ജയലളിതയുമായി ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തക സോണിയ സിംഗിന്റെ ‘ഡിഫൈനിംഗ് ഇന്ത്യ ത്രൂ ദേർ ഐയ്സ്’ എന്ന പുസ്തകത്തിലൂടെ കമൽ വിശദീകരിക്കുന്നത്.

''വിശ്വരൂപത്തിന്റെ പകർപ്പവകാശത്തിനായി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വി എന്നെ വന്നുകണ്ടു. കള്ളപ്പണം കൈകൊണ്ട് തൊടാത്തയാളെന്ന നിലയിൽ ആ വാഗ്ദാനം ഞാൻ നിരസിച്ചു. എന്നാൽ, പിന്നീട് നടന്നതൊക്കെ നീതിക്ക് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായിരുന്നു. സിനിമ കാണുന്നതിനായി വന്ന സംസ്ഥാന പൊലീസ് മേധാവിയും ജയ ടി.വിയുടെ തലവനും ചേർന്ന് സിനിമ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട് നൽകി. ഒടുവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് റിലീസ് സമയം ആയപ്പോഴാണ് ചിത്രം ക്രമസമാധാനത്തെ ബാധിക്കുമെന്ന് പറഞ്ഞ് വിലക്കിയത്. ഇങ്ങനെയൊക്കെ ചെയ്താൽ, ഞാൻ കാലുപിടിക്കുമെന്നായിരിക്കും അവർ കരുതിയത്. പ്രശ്നങ്ങളെത്തുടർന്ന് ചിത്രത്തിന്റെ പ്രീമിയർ ഷോ നടത്താൻ നിശ്ചയിച്ചിരുന്ന ലോസാഞ്ചൽസിൽവച്ചുതന്നെ ഞാൻ സിനിമയുടെ റിലീസിംഗും നടത്തി.

പിന്നീട് പണം തിരികെ ആവശ്യപ്പെട്ട് നിർമ്മാതാവ് തന്നെ രംഗത്തെത്തി. എന്നാൽ, കോടതിവിധി എനിക്ക് അനുകൂലമായി. സിനിമയുടെ വിലക്ക് നീങ്ങി, മുടക്കുമുതൽ നിർമ്മാതാവിനെ തിരിച്ചേല്പിച്ചു. എം.എഫ്. ഹുസൈൻ ചെയ്തതുപോലെ രാജ്യംവിടേണ്ടിവരുമെന്ന് പോലും ഒരുഘട്ടത്തിൽ എനിക്ക് തോന്നി..." എന്നിങ്ങനെയാണ് കമലഹാസൻ ജയലളിതയുടെ പകയുടെ കാണാപ്പുറങ്ങൾ വിവരിക്കുന്നത്.