മുംബയ്: മലേഗാവ് സ്‌ഫോടനക്കേസിൽ രണ്ടാംതവണയും കോടതിയിൽ ഹാജരാകാതെ ബി.ജെ.പി എം.പി പ്രജ്ഞാസിംഗ് താക്കൂർ. അനാരോഗ്യം കാരണമാണ് പ്രജ്ഞ സിംഗ് കോടതിയിൽ ഹാജരാകാത്തതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് കേസിന്റെ വാദത്തിന് പ്രജ്ഞ സിംഗ് കോടതിയിൽ ഹാജരാകാത്തത്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്‌ച രാത്രി പ്രജ്ഞയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ അവർ ആശുപത്രി വിട്ടു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായാണ് പോയതെന്നും പരിപാടിക്ക് ശേഷം ആശുപത്രിയിലേക്ക് മടങ്ങുമെന്നും അവർ അറിയിച്ചു.
രക്തസമ്മർദ്ദത്തെതുടർന്ന് യാത്ര ചെയ്യാൻ കഴിയില്ലെന്നും അതുകൊണ്ടാണ് ഭോപ്പാലിൽ നിന്ന് മുംബയിലെ കോടതിയിൽ ഹാജരാകാൻ കഴിയാത്തതെന്നും പ്രജ്ഞയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇനി ഇളവ് നൽകില്ലെന്നും വെള്ളിയാഴ്‌ച്ച പ്രജ്ഞ സിംഗ് കോടതിയിൽ ഹാജരായേ മതിയാകൂ എന്നും കോടതി നിർദേശിച്ചു. ഹാജരായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഈ ആഴ്‌ച കോടതിയിൽ ഹാജരാകുന്നതിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് പ്രജ്ഞ സിംഗ് സമർപ്പിച്ച ഹർജി തിങ്കളാഴ്‌ച കോടതി തള്ളിയിരുന്നു.