pinarayi-vijayan

തിരുവനന്തപുരം: പ്രളയദുരിതാശ്വസത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും ലഭിച്ചില്ലെന്ന് സർക്കാർ. എന്നാൽ മുഖ്യമന്ത്രിയുടെ ഗൽഫ് യാത്രയ്ക്ക് മൂന്നുലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സർക്കാർ വ്യക്തമാക്കി. നിയമസഭയുടെ വെബ്സെെറ്റിലാണ് ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രത്യക്ഷപ്പെട്ടത്.

കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഒക്ടോബറിലാണ് മുഖ്യമന്ത്രി ഗൽഫ് രാജ്യങ്ങളിൽ യാത്ര നടത്തിയത്. വിദേശ മലയാളികളുടെ സഹായം തേടിയായിരുന്നു യാത്ര. വിദേശ യാത്രയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സർക്കാർ മറുപടി നൽകിയത്. വിദേശ സന്ദർശനം വഴി നവകേരള നിർമാണത്തിന് എത്ര തുക സമാഹരിക്കാനായെന്നായിരുന്നു ജനുവരി 28ന് വിടി ബൽറാം ചോദിച്ചത്.

എന്നാൽ എന്ന് സർക്കാർ വ്യക്തമായി മറുപടി നൽകിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകളിലും സർക്കാർ മറുപടി നൽകിയിരുന്നില്ല. നവകേരള നിർമ്മാണത്തിനായി മുഖ്യമന്ത്രി യുറോപ്പ് സന്ദർശിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം വീണ്ടും ചോദ്യം ഉന്നയിച്ചു. തുടർന്നാണ് നിയമസഭാ വെബ്സൈറ്റിൽ മുഖ്യമന്ത്രിയുടെ മറുപടി വന്നത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോർക്ക സെക്രട്ടറിയും ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡി.എ ഇനത്തിൽ 51,960 രൂപയും ചെലവായെന്നും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

പ്രളയ പുനർനിമ്മാണവുമായി ബന്ധപ്പെട്ട് വിദേശ യാത്രയ്ക്ക് മുഖ്യമന്ത്രിക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. മറ്റ് മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1372 കോടി രൂപ അനുവദിച്ചതായും വ്യക്തമാക്കുന്നു.സി.എഫ് തോമസ്, പി.ജെ ജോസഫ്, മോൻസ് ജോസഫ്, എന്‍ ജയരാജ് എന്നിവരുടെ ചോദ്യത്തിന് വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചില്ലെന്നാമ് മറുപടി.