highway

ഓച്ചിറ : ദേശീയ പാതയിൽ അർദ്ധരാത്രി കാർ തടഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശികളായ പുറക്കാട് തിരുവാതിരയിൽ അർപ്പിത് നായർ (32), പുറക്കാട് കൊച്ചുപ്ലാപ്പള്ളിൽ നിഖിൽ രാജ് (20), പുറക്കാട് നാലുപറമ്പിൽ ശ്രീജിത്ത് (28) എന്നിവരാണ് ഇന്നലെ രാത്രി ഒരു മണിയോടെ ഓച്ചിറയിൽ പിടിയിലായത്.

എറണാകുളത്ത് നിന്നും കാറിൽ ചവറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചവറ പുത്തൻസങ്കേതം പ്രകാശ് ഭവനിൽ പ്രകാശ്, ഭാര്യ, സഹോദരി, അമ്മ എന്നിവരാണ് ടാറ്റാ ടിയാഗോ കാറിലുണ്ടായിരുന്നത്.

പൊലീസ് പറയുന്നതിങ്ങനെ: രാത്രി 12.15ഓടുകൂടി തോട്ടപ്പള്ളിയിൽ വച്ച് പ്രകാശും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് കുറുകെ അക്രമികളുടെ കാർ കയറ്റി ഇട്ടു. പ്രകാശ് കാർ നിറുത്താതെ വളച്ചെടുത്ത് മുന്നോട്ടുപോയി. പിന്തുടർന്ന സംഘം ഓച്ചിറ കൊണ്ടാട്ട് ജംഗ്ഷനിൽ വച്ച് പ്രകാശിന്റെ കാർ തടഞ്ഞു. ഡോർ വലിച്ചുതുറക്കാൻ ശ്രമിച്ചെങ്കിലും പ്രകാശ് കാർ വെട്ടിച്ചു മാറ്റി രക്ഷപെട്ടു. ദേശീയ പാതയിൽ വാഹനപരിശോധനയിലായിരുന്ന ഓച്ചിറ എസ്.എെ അഷറഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് വിവരം ധരിപ്പിച്ചു. പൊലീസ് സംഘം കാർ തടഞ്ഞ് അക്രമികളെ പിടികൂടുകയായിരുന്നു. മൂവരും മദ്യലഹരിയിലായിരുന്നു. പൊലീസിന് വഴങ്ങാതെ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ മറ്റ് സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ എയർ പിസ്റ്റൽ ഉണ്ടായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അരുൺരാജ് സംഭവസ്ഥലം സന്ദർശിച്ചു.

ഒന്നാം പ്രതി അ‌ർപ്പിത് നായർ ഗുജറാത്തിൽ ജനിച്ചുവളർന്നയാളാണ്. ഇപ്പോൾ മുംബയിൽ ജോലിചെയ്യുന്നു. അക്രമികളുടെ ക്രിമിനൽ പഞ്ചാത്തലത്തെക്കുറിച്ചും ഹൈവേയിൽ സ്ഥിരം നടക്കുന്ന ആക്രമങ്ങളിൽ ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓച്ചിറ എസ്.ഐ അഷറഫ്, എസ്.എെ സജീവ്, സി.പി.ഒ മാരായ പ്രവീൺ, ഹരികൃഷ്ണൻ, ഹോംഗാർഡുമാരായ ബാബുകുട്ടൻ, മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.