ഇറ്റാനഗർ: അരുണാചൽ പ്രദേശിലേക്ക് പറന്ന റഷ്യൻ നിർമിത ആന്റണോവ് എ.എൻ32 വ്യോമസേനാ വിമാനം കാണാതായ സംഭവത്തിൽ വഴിത്തിരിവ്. പർവത മേഖലയിൽ കറുത്ത പുക ഉയരുന്നത് കണ്ടതായി ഗ്രാമീണർ പറഞ്ഞതായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു വെളിപ്പെടുത്തി. ഇക്കാര്യം ശരിയാണോ എന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മോളോ ഗ്രാമത്തിലുള്ള മൂന്നു പേരാണ് തിങ്കളാഴ്ച ഉച്ചയോടെ പർവമേഖലയിൽ പുകച്ചുരുൾ കണ്ടത്. ഗ്രാമത്തിൽ നിന്നും എട്ടുകിലോമീറ്ററോളം ദൂരെയായിരുന്നു ഇതെന്നും അവർ പറഞ്ഞു. വ്യോമസേനയും കരസേനയും പൊലീസും ഉൾപ്പെട്ട സംയുക്ത സംഘം ഈ മേഖലയിൽ തെരച്ചിൽ നടത്തും. അന്വേഷണ സംഘത്തിൽ പ്രദേശവാസികളെയും ഉൾപ്പെടുത്താനാണ് നീക്കം.
അസമിലെ ജോഹട്ടിൽ നിന്നും അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ച് പറന്ന വ്യോമസേനാ വിമാനം തിങ്കളാഴ്ചയാണ് കാണാതായത്. മലയാളിയടക്കം വിമാനത്തിൽ എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഫ്‌ളൈറ്റ് എൻജിനീയറായ കൊല്ലം ഏരൂർ ആലഞ്ചേരി വിജയ വിലാസത്തിൽ (കൊച്ചു കോണത്ത് വീട്) അനൂപ് കുമാർ (29) ആണ് കാണാതായ മലയാളി.