trs

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന്റെ 18 വിമത എം.എൽ.എമാർ ഭരണകക്ഷിയായ ടി.ആർ.എസിൽ ചേരുന്നതിന് സ്പീക്കറുടെ അനുമതി. ഇതോടെ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകും. . 18 എം.എൽ.എമാരിൽ 12 പേരാണ് ടി.ആർ.എസിൽ ചേരുന്നതായി ഇന്ന് സ്പീക്കർ പോച്ചാറാം ശ്രീനിവാസിനെ കണ്ട് കത്ത് നൽകിയത്. കോൺഗ്രസ് നിയമസഭാ കക്ഷിയെ ടി.ആർ.എസിൽ ലയിക്കാൻ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. നിയമം അനുസരിച്ച് ഒരു പാർട്ടിക്ക് മറ്റൊന്നിൽ ലയിക്കണമെങ്കിൽ ആകെയുള്ള നിയമസഭാംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ പിന്തുണ മതി.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ വികസന പദ്ധതികളിൽ ആകൃഷ്ടരായാണ് പാർട്ടി മാറ്റമെന്ന് എം.എൽ.എമാർ വ്യക്തമാക്കി.

അതേസമയം എം.എൽ.എമാരെ ടി.ആർ.എസ് വിലയ്ക്കെടുക്കുകയാണെന്നും നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്നും കോൺഗ്രസ് പ്രതികരിച്ചു. നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉത്തംകുമാർ എ.എൽ.എ സ്ഥാനം രാജിവച്ചതോടെയാണ് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം പതിനെട്ടായി കുറഞ്ഞത്.

കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 എം.എൽ.എമാരെ മാത്രമേ വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതിന് പിന്നാലെ തന്നെ ഏഴോളം എം.എൽ.എമാർ ടി.ആ‍ർ.എസ് പക്ഷത്തേക്ക് കൂറുമാറിയിരുന്നു. പക്ഷേ, മൂന്നിൽ രണ്ട് എം.എൽ.എമാരുടെ പിന്തുണ ഇല്ലാത്തതിനാൽ സ്പീക്കറെ സമീപിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, പാലർമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ എൻ.ഉത്തം കുമാർ റെഡ്ഡി കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവച്ചു. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് എം.എൽ.എമാരുടെ അംഗസംഖ്യ 18ലേക്ക് ചുരുങ്ങി. പിന്നാലെ സ്പീക്കറെ കണ്ട വിമത എം.എൽ.എമാർ കോൺഗ്രസ് നിയമസഭാ കക്ഷിയെ ടി.ആർ.എസിൽ പിന്തുണ നൽകിക്കൊണ്ടുള്ള കത്ത് കൈമാറുകയായിരുന്നു.