കൊച്ചി: നിപ്പയുടെ ഉറവിടം കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് സംഘം പഠനം തുടരുകയാണ്. വവ്വാൽ വഴിയാണ് രോഗം വ്യാപിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അത് സ്ഥിരീകരിക്കാൻ പഠനങ്ങൾ പൂർത്തിയാകണമെന്ന് മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന എൻജിനിയറിംഗ് വിദ്യാർത്ഥിയുമായി ഇടപഴകിയ 314 പേരുമായും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ പറഞ്ഞു. 55 പേരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് നടപടികൾ ആരംഭിച്ചു. രോഗിയുമായി അടുത്ത് ബന്ധപ്പെട്ട മൂന്നുപേരെ ഹൈ റിസ്‌ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും പെടുത്തി നിരീക്ഷണം ശക്തമാക്കി. രോഗിയുമായി നേരിട്ട് ബന്ധപ്പെടുകയോ 12 മണിക്കൂറിലേറെ ഒരു മുറിയിൽ ഒരുമിച്ച് കഴിയുകയോ ചെയ്‌തവരാണ് ഹൈ റിസ്‌ക് വിഭാഗം. നിപ സ്ഥിരീകരിച്ച രോഗിയുടെ വീട്ടുകാരുമായി ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
വ്യാജപ്രചരണം:രണ്ടു
പേർക്കെതിരെ കേസ്
നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ രണ്ടു പേർക്കെതിരെയുള്ള കേസ് സൈബർ മോണിറ്ററിംഗ് സംഘം പൊലീസിന് കൈമാറി. നിലവിൽ യോഗങ്ങൾ നടത്തുന്നതിനോ പൊതു, സ്വകാര്യ ചടങ്ങുകൾക്കോ യാത്രചെയ്യുന്നതിനോ വിലക്കില്ലെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.