ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ധോണി ധരിച്ചിരുന്ന ഗ്ലൗസ് സോഷ്യൽ മീഡിയയിൽവലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇന്ത്യൻ സെെന്യത്തിന്റെ അധികാര ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചാണ് ധോണി മത്സരത്തിനിറങ്ങിയത്. എന്നാൽ ഇതിനെതിരെ ഐ.സി.സി രംഗത്തെത്തിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കൻ താരം ആൻഡെെൽ ഫെലുക്വായോവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പാഴുള്ള ധോണിയുടെ ചിത്രത്തിൽ ഗ്ലൗസ് വ്യക്തമാവുകയും ചെയ്തിരുന്നു. ഇത് മാറ്റാൻ ഇന്ത്യൻ ബോർഡിനോട് ആവശ്യപ്പെട്ടതായാണ് ഐ.സി.സി ജനറൽ മാനേജർ ക്ലെയ്ർ ഫർലോങ് ഐ.എ.എൻ.എസിനോട് പറഞ്ഞത്. രാജ്യാന്തര മത്സരങ്ങളിൽ രാഷ്ട്രീയ-വിശ്വാസ-വംശീയപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന കാര്യങ്ങൾ അണിഞ്ഞ് കളത്തിലിറങ്ങരുതെന്ന ഐ.സി.സി ചട്ടപ്രകാരമാണ് ഐ.സി.സിയുടെ നടപടി.
2011ൽ ലെഫ്റ്റണന്റ് പദവി ലഭിച്ച താരമാണ് ധോണി. പുൽവാമ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സെെനികരോടുള്ള ആദര സൂചകമായി സെെന്യത്തിന്റെ തൊപ്പി വച്ച് ഇന്ത്യൻ താരങ്ങൾ ഇറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ധോണിയുടെ ഗ്ലൗസ് വെെറലായതിനെ തുടർന്ന് ഐ.സി.സി ധോണിക്കെതിരെ രംഗത്തെത്തിയത്. ധോണിയുടെ ഗ്ലൗസ് മാറ്റാൻ ബി.സി.സി.ഐയോട് ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.