ഉടക്കി രാജ്നാഥ് സിംഗ്, എട്ട് കാബിനറ്റ് സമിതികളിലും അമിത് ഷാ, രാജ്നാഥ് ആദ്യം രണ്ടിൽ, പിന്നെ ആറിൽ
ന്യൂഡൽഹി: സാമ്പത്തിക വളർച്ചയും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി പുതുതായി രൂപീകരിച്ച രണ്ട് കാബിനറ്റ് സമിതികളിലും പുനഃസംഘടിപ്പിച്ച ആറ് സമിതികളിലും അമിത് ഷായെ അംഗമാക്കി. മോദിയുടെ അധികാരശ്രേണിയിൽ ഷായെ രണ്ടാമനാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് രാജ്നാഥ് സിംഗ് രാജിഭീഷണി മുഴക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിയതായാണ് റിപ്പോർട്ട്.
ക്രമപ്രകാരം മോദി സർക്കാരിലെ രണ്ടാമനായ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ആദ്യം രണ്ട് സമിതികളിൽ മാത്രം ഉൾപ്പെടുത്തിയതിന്റെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഇന്നലെ രാത്രി വൈകി അദ്ദേഹത്തെ നാല് സമിതികളിൽ കൂടി അംഗമാക്കി. രാജ്നാഥിനായി ആർ.എസ്.എസ് ഇടപെടുകയായിരുന്നു. എട്ട് കമ്മിറ്റികളിലും അംഗമായ അമിത് ഷായെ ആദ്യം രണ്ടു കമ്മിറ്റികളുടെ അദ്ധ്യക്ഷനാക്കിയെങ്കിലും പിന്നീട് ഒന്നിന്റെ മാത്രം അദ്ധ്യക്ഷനാക്കി മാറ്റി. കേന്ദ്രമന്ത്രിയായെത്തിയ പുതുമുഖത്തെ എല്ലാ കമ്മിറ്റികളിലും ഉൾപ്പെടുത്തുന്നത് ആദ്യമാണ്. ഭരണഘടനാ പദവികളിലേക്കും പ്രധാന ഉദ്യോഗസ്ഥ പദവികളിലേക്കും നിയമനം നടത്തുന്ന നിയമനകാര്യ സമിതിയിൽ മോദിയും അമിത്ഷായും മാത്രമേയുള്ളൂ.
രണ്ട് തവണ ബി.ജെ.പി പ്രസിഡന്റും യു.പി മുഖ്യമന്ത്രിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംഗിനെ ആദ്യം സുരക്ഷാ സമിതിയിലും സാമ്പത്തിക സമിതിയിലും മാത്രമാണ് അംഗമാക്കിയത്. രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജ്നാഥ് സിംഗ് ഒഴിവാക്കപ്പെട്ടത് രണ്ടാമൻ അമിത് ഷാ ആണെന്ന സന്ദേശമാണെന്ന് വിലയിരുത്തപ്പെട്ടു. എന്നാൽ പിന്നീട് രാഷ്ട്രീയകാര്യം, പാർലമെന്ററി കാര്യം എന്നിവയ്ക്ക് പുറമേ നിക്ഷേപം - വളർച്ച, തൊഴിൽ - നൈപുണ്യം എന്നീ പുതിയ സമിതികളിലും രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തുകയായിരുന്നു.പാർലമെന്ററികാര്യസമിതിയുടെ അദ്ധ്യ ക്ഷ നുമാക്കി. ഔദ്യോഗിക അറിയിപ്പിൽ ഈ ആറ് സമിതികളിലും പ്രധാനമന്ത്രി കഴിഞ്ഞാൽ ആദ്യം രാജ്നാഥ് സിംഗിന്റെ പേരാണ്. അമിത് ഷായുടെ പേര് അടുത്തതാണ്. അക്കോമഡേഷൻ സമിതിയിലാണ് അമിത് ഷാ അദ്ധ്യക്ഷനാകുന്നത്. നിയമനം, സാമ്പത്തികം, സുരക്ഷ, രാഷ്ട്രീയം, വളർച്ച, തൊഴിൽ എന്നീ ആറ് കമ്മിറ്റികളുടെ അദ്ധ്യക്ഷനാണ് പ്രധാനമന്ത്രി.മന്ത്രിസഭയിലെ രണ്ടാമനാണ് പ്രധാനമന്ത്രിയുടെ അഭാവത്തിൽ രാഷ്ട്രീയകാര്യ സമിതിയിലടക്കം അദ്ധ്യക്ഷത വഹിക്കാറുള്ളത്.പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനെ പാർലമെന്ററികാര്യ സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയിട്ടുണ്ട്.
കരുത്ത് തെളിയിച്ച് ഷാ
പാർട്ടിയിലും സർക്കാരിലും ഏറ്റവും കരുത്തനാണെന്ന് അടിവരയിടുന്നതാണ് കാബിനറ്റ് സമിതികളിലടക്കമുള്ള അമിത്ഷായുടെ നിർണായക സ്ഥാനം. മോദിക്ക് അമിത്ഷായിലുള്ള വിശ്വാസം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് നീക്കം.
കേന്ദ്രമന്ത്രിമാരുടെ വിദ്വേഷ വിവാദ പ്രസ്താവനകൾ ഒന്നാം മോദിസർക്കാരിനെ പലതവണ പ്രതിസന്ധിയിലാക്കിയിരുന്നു. അത് ഇക്കുറി ആവർത്തിക്കാതിരിക്കാൻ അമിത് ഷാ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദ് എന്ന പരാമർശത്തിന് ആഭ്യന്തരസഹമന്ത്രി ജി. കിഷൻ റെഡ്ഡിയെ ശാസിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനും കിട്ടി അമിത് ഷായുടെ താക്കീത്. മോദി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കളങ്കമുണ്ടാക്കാതെ നോക്കുന്ന വൻമതിലായാണ് അമിത് ഷാ മാറിയിരിക്കുന്നത്.
നിതി ആയോഗും പുനഃസംഘടിപ്പിച്ചു
നിലവിലുള്ള വൈസ് ചെയർമാൻ രാജീവ് കുമാർ തുടരും.രാജ്നാഥ് സിംഗ്,അമിത് ഷാ, നിർമ്മല സീതാരാമൻ, നരേന്ദ്രസിംഗ് തോമാർ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.