നോട്ടിംഗ് ഹാം : ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 15 റൺസിന് പരാജയപ്പെട്ടു. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ വിൻഡിസ് 50 ഓവറിൽ 9 വിക്കറ്റിന് 273 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്നലെ തുടക്കത്തിൽ വൻ തകർച്ചയെ നേരിട്ട ഒാസീസ് മുൻനായകൻ സ്റ്റീവൻ സ്മിത്ത് (73), വാലറ്റക്കാരൻ നഥാൻ കൗട്ടർനിലെ (92), വിക്കറ്റ് കീപ്പർ അലക്സ് കാരേയ് (45) എന്നിവരുടെ അവസരോചിത പ്രകടനത്തോടെയാണ് 49 ഒാവറിൽ 288ന് ആൾ ഒൗട്ടായത്.
ടോസ് നഷ്ടപ്പെട്ടിറങ്ങിയ ആസ്ട്രേലിയയ്ക്ക് എട്ടോവറിനുള്ളിൽ നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഫിഞ്ച് (6), വാർണർ (3), ഖ്വാജ (13), ഗ്ളെൻ മാക്സ്വെൽ (0) എന്നിവരെ കോട്ട്റെല്ലും ഒഷാനേ തോമസും ആന്ദ്രേ റസലും ചേർന്ന് പുറത്താക്കിയതോടെ ഓസീസ് 38/5 എന്ന നിലയിലായിരുന്നു. തുടർന്ന് സ്മിത്തും സ്റ്റോയ്നിസും (19) ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. 17-ാം ഒാവറിൽ ടീം സ്കോർ 79 ൽവച്ച് സ്റ്റോയ്നിസിനെ ഹോൾഡർ പുറത്താക്കി.
200 കടക്കില്ലെന്ന് കരുതിയ കംഗാരുക്കളെ അലക്സ് കാരേയും സ്മിത്തും ചേർന്ന് കര കയറ്റാൻ തുടങ്ങി. 147 ൽ വച്ച് റസൽ കാരേയെ പുറത്താക്കിയെങ്കിലും കൗട്ടർ നിലെ കട്ടയ്ക്ക് സ്മിത്തിനൊപ്പം നിന്നു. 103 പന്തുകളിൽ ഏഴ് ബൗണ്ടറിയടക്കമാണ് വിലക്ക് കഴിഞ്ഞുള്ള മടങ്ങിവരവിലെ ആദ്യ അർദ്ധസെഞ്ച്വറി സ്മിത്ത് നേടിയത്. 45-ാം ഒാവറിൽ ഒഷാനേ തോമസിന്റെ ബൗളിംഗിൽ ഒറ്റക്കയ്യൻ ക്യാച്ചിലൂടെ കോട്ട്റെല്ലാണ് സ്മിത്തിനെ മടക്കി അയച്ചത്. തുടർന്ന് കൗട്ടർനിലെ തകർത്തടിക്കുകയായിരുന്നു. 60 പന്തുകൾ നേരിട്ട് കൗട്ടർനിലെ എട്ട് ഫോറും നാല് സിക്സുകളുമാണ് പറത്തിയത്.
വിൻഡീസിന് വേണ്ടി ബ്രാത്ത് വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒഷാനേ തോമസ്, കോട്ട്റെൽ, റസൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
ലോകകപ്പിൽ എട്ടാം നമ്പരിൽ ഇറങ്ങുമെന്ന ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ നഥാൻ കൗട്ടർനിലെ നേടിയത്. 2003 ൽ ഹീത്ത്സ് ട്രീക്ക് നേടിയ 72 റൺസിന്റെ റെക്കാഡാണ് കൗട്ടർനിലെ മറികടന്നത്. 29 ഏകദിനങ്ങൾ കളിച്ചിട്ടുള്ള കൗട്ടർനിലെയുടെ ആദ്യ അർദ്ധ സെഞ്ച്വറിയാണിത്. ഏകദിന ചരിത്രത്തിൽ എട്ടാം നമ്പരിലെ ടോപ് സ്കോർ റെക്കാഡ് (95) ഇംഗ്ളണ്ട് താരം ക്രിസ്വോക്സിനാണ്.