rajnath-singh-

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായ രാജ്നാഥ് സിംഗിനെ മന്ത്രിസഭാ പുനഃ സംഘടനകളുടെ പ്രധാന സമിതികളിൽ നിന്ന തഴഞ്ഞതിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്.

പ്രധാന സമിതികളിൽ നിന്ന് തഴഞ്ഞതിൽ രാജ്‍നാഥ് സിംഗ് കടുത്ത പ്രതിഷേധമറിയിച്ചതോടെ വിവാദം ഒഴിവാക്കാൻ രാജ്‍നാഥിനെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തി. എട്ട് മന്ത്രിസഭാ സമിതികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് രാജ്‍നാഥ് സിംഗിനെ അംഗമാക്കിയിരുന്നത്. ഇതിൽ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

രാജ്‍നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്. പ്രതിഷേധത്തെ തുടർന്ന് പാർലമെന്ററി കാര്യ സമിതി, രാഷ്ട്രീയകാര്യസമിതി, നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നിവയിലേക്കാണ് രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പാർലമെന്ററി കാര്യസമിതിയിൽ അമിത് ഷായ്ക്ക് പകരം രാജ്‍നാഥ് സിംഗ് അദ്ധ്യക്ഷനാകും. നിതി ആയോഗിലും രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തി.

പ്രധാനമന്ത്രിക്ക് ശേഷം പ്രധാന ഭരണകേന്ദ്രമാകുന്ന അമിത് ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അദ്ധ്യക്ഷനായി. എട്ടെണ്ണത്തിലും അംഗത്വവും നൽകി. അമിത് ഷാ അദ്ധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അദ്ധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാർലമെന്ററി കാര്യസമിതിയുടെ അധ്യക്ഷപദമായിരുന്നു ആദ്യം അമിത് ഷായ്ക്ക് നൽകിയ പ്രധാനചുമതല. പാർലമെന്‍റ് സമ്മേളനം എപ്പോൾ ചേരണമെന്നതുൾപ്പടെ സുപ്രധാനമായ നിരവധി തീരുമാനങ്ങൾ എടുക്കുന്ന സമിതിയാണ് പാർലമെന്ററി കാര്യ ഉപസമിതി.

രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന നിയമനകാര്യസമിതിയിൽ ആകെ രണ്ട് പേരാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഏറ്റവും സുപ്രധാനമായ കാര്യങ്ങൾ തീരുമാനിക്കുന്ന നിയമനകാര്യസമിതിയുടെ കടിഞ്ഞാൺ ഇവരുടെ കൈയിലായിരിക്കും. വിവാദമായപ്പോഴും ഈ സുപ്രധാനസമിതിയിലേക്ക് രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല.