സൂര്യനും എട്ട് ഗ്രഹങ്ങളും അവയുടെ അറിയപ്പെടുന്ന 173 ഉപഗ്രഹങ്ങളും 5 കുള്ളൻ ഗ്രഹങ്ങളും അവയുടെ 8 ഉപഗ്രഹങ്ങളും ധൂമകേതുക്കൾ, ഉൽക്കകൾ, ക്ഷുദ്രഗ്രഹങ്ങൾ ധൂളിപടലങ്ങൾ തുടങ്ങി ചെറുതും വലുതുമായ ലക്ഷക്കണക്കിന് വസ്തുക്കളും ഉൾപ്പെട്ട സംവിധാനമാണ് സൗരയൂഥം. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിൽ 99 ശതമാനവും സൂര്യനിലാണ്. ബാക്കിയുള്ളതിൽ ഭൂരിഭാഗവും വ്യാഴത്തിലും ശനിയിലുമാണ്.
പിറവിയുടെ കഥ
460 കോടി വർഷം മുമ്പ് ഏതാണ്ട് 2400 കോടി കിലോമീറ്റർ വിസ്താരമുള്ള പ്രദേശത്ത് വാതകങ്ങളും ധൂളിപടലങ്ങളും ഗുരുത്വാകർഷണ ബലത്താൽ അമർന്നടിഞ്ഞു. അതിൽ 99.8 ശതമാനം ദ്രവ്യവും സൂര്യന്റെ നിർമ്മിതിക്ക് ചെലവായി. ബാക്കിയുള്ളവ സൂര്യന് ചുറ്റും ചുഴികളായി ചേർന്ന് ഗോളരൂപം പ്രാപിച്ച് ഗ്രഹങ്ങളായി. ഭൂമി രൂപപ്പെടാൻ ഏതാണ്ട് 20 കോടി വർഷമെടുത്തു.
ഭൂമിയിലേക്കുള്ള ദൂരം
സൂര്യനിൽനിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ 8.20 മിനിട്ട് വേണം. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താനാകട്ടെ 1.3 സെക്കൻഡ്. സൗരയൂഥത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രമായ പ്രോക്സിമസെൻ റൗറിയിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ 4.2 പ്രകാശവർഷം വേണം.
ഭൂമിയും ചന്ദ്രനും 440 കോടി വർഷംമുമ്പ്
ചൊവ്വയുടെ വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചു. അതിന്റെ ആഘാതത്തിൽ ഭൂമിയുടെ ഒരുഭാഗം അടർന്ന് തെറിച്ച് മറ്റൊരു ആകാശഗോളമായി പരിണമിച്ചു. അതാണ് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ.
ബുധൻ
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം. സൂര്യനിലേക്കുള്ള ദൂരം 0.4 അസ്ട്രോണമിക്കൽ യൂണിറ്റ്. ബുധൻ 88 ദിനങ്ങൾകൊണ്ട് ഒരു തവണ സൂര്യനെ ചുറ്റുന്ന സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ്. ഇതിന് ഉപഗ്രഹങ്ങളില്ല. മുഖ്യമായും ഇരുമ്പടങ്ങിയ അകക്കാമ്പും കനംകുറഞ്ഞ പുറം പാളിയുമാണ്.
ശുക്രൻ
ബുധൻ കഴിഞ്ഞാൽ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണ്. പ്രഭാതനക്ഷത്രം, സന്ധ്യാനക്ഷത്രം, എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒരുതവണ സൂര്യനെ ചുറ്റാൻ 224.7 ദിനങ്ങൾ വേണം. ഉപഗ്രഹങ്ങളില്ല. അന്തരീക്ഷമുണ്ട്. ശുക്രന്റെ അന്തരീക്ഷത്തിൽ 98 ശതമാനവും ഹരിതഗൃഹവാതകമായ കാർബൺ ഡയോസ്കൈഡാണ്. ശുക്രന്റെ അന്തരീക്ഷ ഊഷ്മാവ് 477 ഡിഗ്രി സെൽഷ്യസ്. ഏറ്റവും ചൂടുകൂടിയ ഗ്രഹം. ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമാണ് ശുക്രൻ. ഭൂമിയോട് സാദൃശ്യമുള്ളതിനാൽ ശുക്രനെ ഭൂമിയുടെ ഇരട്ടയെന്ന് വിശേഷിപ്പിക്കാറുണ്ട്.
ഭൂമി
സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയേറിയ ഗ്രഹമാണ് ഭൂമി. ഒരുതവണ സൂര്യനെ പ്രദക്ഷിണം വയ്ക്കാൻ 365 ദിവസം വേണം. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ് 14 ഡിഗ്രി സെൽഷ്യസ്. ഫലക ചലനങ്ങൾ പോലുള്ള പ്രതിഭാസങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുള്ള ഏകഗ്രഹവും ഭൂമിയാണ്.
ചൊവ്വ
ചുവപ്പ് ഗ്രഹം എന്നറിയപ്പെടുന്നു. സൂര്യനെ ഒരുതവണ പ്രദക്ഷിണം വയ്ക്കാൻ 687 ഭൗമദിനങ്ങൾ വേണം. ഭൂമിയെക്കാളും ശുക്രനെക്കാളും വലിപ്പം കുറവാണ്. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡാണ് കൂടുതൽ. സൗരയൂഥത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ഒളിംപസ് മോൺസും ഒട്ടേറെ താഴ്വരകളും ചൊവ്വാപ്രതലത്തിലുണ്ട്. അടുത്തകാലംവരെ ഗ്രഹം ഭൗതികമായി വളരെ സജീവമായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
വ്യാഴം
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം. സൂര്യനെ ഒരുതവണ പ്രദക്ഷിണം വയ്ക്കാൻ 11.86 ഭൗമവർഷം വേണം. ഭൂമിയുടേതിന്റെ 318 മടങ്ങാണ് വ്യാഴത്തിന്റെ പിണ്ഡം. ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് കൂടുതൽ. അറുപത്തിയേഴോളം ഉപഗ്രഹങ്ങളുണ്ട്. ദൈർഘ്യം കുറഞ്ഞ രാത്രികളും പകലുകളും വ്യാഴത്തിലാണ്. ഏകദേശം 12 വർഷംകൊണ്ടാണ് വ്യാഴം സൂര്യനെ ഒരുതവണ പ്രദക്ഷിണം വയ്ക്കുന്നത്. അതാണ് വ്യാഴവട്ടം എന്ന് പ്രസിദ്ധമായത്.
ശനി
വലയങ്ങളുള്ള ഗ്രഹമാണ്. സൂര്യനെ ഒരു തവണ ചുറ്റാൻ 29.5 വർഷംവേണം. വ്യാഴത്തെപ്പോലെ വാതകഭീമനാണ്. അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങൾ ശനിക്കുണ്ട്. അവയിൽ ടൈറ്റൻ ഭൂമിയുടെ അപരനെന്നറിയപ്പെടുന്നു. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ കാര്യമായ അന്തരീക്ഷമുള്ളത് ടൈറ്റനാണ്.
യുറാനസ്
1781 മാർച്ച് 13ന് വില്യം ഹെർഷലാണ് യുറാനസ് കണ്ടുപിടിച്ചത്. ഒരുതവണ സൂര്യനെ ചുറ്റാൻ 84 വർഷം വേണം ഭൂമിയുടെ പിണ്ഡത്തിന്റെ 14 മടങ്ങ് . 27 ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടുപിടിച്ചു.
നെപ്ട്യൂൺ
1846 സെപ്തംബർ 23ന് ലീവെരിയർ എന്ന ഗണിതശാസ്ത്രജ്ഞനാണ് നെപ്ട്യൂൺ കണ്ടുപിടിച്ചത്. ഒരുതവണ സൂര്യനെ ചുറ്റാൻ 165 വർഷം വേണം.
പ്ലൂട്ടോ
1930 ൽ ക്ളൈസ് ടോംബോയെന്ന അമേരിക്കൻ വാനനിരീക്ഷകനാണ് കണ്ടെത്തിയത്. ഒമ്പതാമത്തെ ഗ്രഹമെന്ന പദവിയുണ്ടായിരുന്നു. ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളുടെ പട്ടികയിൽ പെടുന്നു
ഗ്രഹണം
ഒരു ആകാശ ഗോളത്തിന്റെ ദൃശ്യത രണ്ടാമതൊന്നു നിമിത്തം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതാണ് ഗ്രഹണം. സൂര്യഗ്രഹണം സംഭവിക്കുന്നത് സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ എത്തുമ്പോഴാണ്. കറുത്ത വാവ് ദിവസങ്ങളിലാണ് പൂർണ സൂര്യഗ്രഹണം ഉണ്ടാവുന്നത്. വെളുത്തവാവ് ദിവസങ്ങളിൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ച് ചന്ദ്രന്റെ ദൃശ്യതയ്ക്ക് ഭംഗം വരുത്തുന്നതിനെ ചന്ദ്രഗ്രഹണം എന്നും വിളിക്കുന്നു. ഗ്രഹണങ്ങൾ അപൂർവമായിട്ടേ സംഭവിക്കാറുള്ളൂ. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടേതിൽ നിന്ന് 5 ഡിഗ്രി ചായ്വുള്ളതാണ് പ്രധാന കാരണം. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ ഒരേ രേഖയിലായി വന്നാലേ ഗ്രഹണം സംഭവിക്കൂ.
സൂര്യഗ്രഹണം
ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുമ്പോൾ സൂര്യഗ്രഹണം ഉണ്ടാവുന്നു. ഈ നിഴൽ ഒരു മണിക്കൂറിൽ 3200 കിലോമീറ്റർ വേഗത്തിൽ ഭൂതലത്തിൽ സഞ്ചരിക്കുന്നു. സൂര്യഗ്രഹണം മൂന്നു തരത്തിലുണ്ട്.
1. പൂർണ സൂര്യഗ്രഹണം
2. വലയ സൂര്യഗ്രഹണം
3. ഭാഗിക സൂര്യഗ്രഹണം
ചന്ദ്രഗ്രഹണം
ഭൂമിയുടെ നിഴൽ ചന്ദ്രതലത്തിൽ പതിക്കുമ്പോൾ ചന്ദ്രൻ ഭാഗികമായോ പൂർണമായോ അദൃശ്യമാകുന്ന അവസ്ഥയാണിത്. പൂർണ ചന്ദ്രഗ്രഹണ സന്ദർഭങ്ങളിൽ പോലും ചന്ദ്രന്റെ രൂപം പാടെ അപ്രത്യക്ഷമാകാറില്ല. വെളുത്ത വാവ് ദിവസങ്ങളിൽ മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കാറുള്ളത്. പരമാവധി ദൈർഘ്യം ഒരു മണിക്കൂർ 40 മിനിട്ട്.