accident

ദുബായ്:ദുബായിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽപെട്ട് മലയാളികളടക്കം 17 പേർ മരിച്ചു. മരിച്ചവരിൽ ആറു മലയാളികളുൾപ്പടെ 10 പേർ ഇന്ത്യക്കാരാണ്. മലയാളികളിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മസ്‌കറ്റിൽനിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഒമാൻ നമ്പർ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസ് അൽ റാഷിദിയ എക്‌സിറ്റിലെ സൈൻ ബോർഡിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു അപകടം. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവർ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.