തിരുവനന്തപുരം : വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ മനസ് കീഴടക്കിയ മുഖപ്രസാദം ലക്ഷ്മിയിൽ നിന്ന് മാഞ്ഞിരിക്കുന്നു. ശസ്ത്രക്രിയകൾ തളർത്തിക്കളഞ്ഞ ശരീരത്തെക്കാൾ, കുപ്രചാരണങ്ങളും അവാസ്തവ കഥകളുമാണ് ലക്ഷ്മിയെ വേദനിപ്പിക്കുന്നത്. ഉണങ്ങാത്ത, അപകടത്തിലേറ്റ മുറിവുകളെക്കാൾ നീറ്റുന്നത് ഈ ഇല്ലാക്കഥകളാണ്.
കഴുത്തൊപ്പം മുടിമുറിച്ചു. കൈവിരലുകളും കാലുകളും പൂർണമായി വഴങ്ങാത്തതിനാൽ അമ്മയുടെ സഹായത്തോടെയാണ് നടക്കുന്നത്. നഖങ്ങളിൽ വരെ നീല നിറം. ശരീരത്തിൽ പലേടത്തും രക്തം കട്ടപിടിച്ചു കിടക്കുന്നു. ശബ്ദം പൂർണമായി തിരിച്ചു കിട്ടിയിട്ടില്ല. പ്രിയതമന്റെയും ഓമന മകൾ തേജസ്വിനിയുടെയും വേർപാട് മനസിൽ വിങ്ങിപ്പൊട്ടുന്നു. ബാലുവിന്റെ സ്വപ്നക്കൂടായ 'ഹിരൺമയി'യിലിരുന്ന് നിറമിഴിയോടെ ലക്ഷ്മി 'കേരളകൗമുദി'യോട് മനസുതുറന്നു.
'അപകടത്തിൽ ഞാൻ കൂടി മരിച്ചാൽ മതിയായിരുന്നു. ഞാൻ മരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. എന്റെ കുഞ്ഞും ബാലുവും പോയി. ഒന്നര വയസു പോലുമായില്ലായിരുന്നു എന്റെ മോൾക്ക്. ഏറ്റവുമധികം നഷ്ടമുണ്ടായത് എനിക്കാണ്. ജീവനെക്കാൾ വിലപ്പെട്ടവരാണ് പോയത്. അത് മനസിലാക്കാൻ ശ്രമിക്കാതെയാണ് പല ഊഹാപോഹങ്ങളും സൃഷ്ടിക്കുന്നത്. കുടുംബ പ്രശ്നങ്ങളുണ്ടെന്നു വരെ പ്രചരിപ്പിക്കുന്നത് സങ്കടകരമാണ്. ബാലു ഇല്ലാതായപ്പോൾ എന്തും പറയാമെന്ന ധൈര്യമായി ചിലർക്ക്. ബാലു പോയി, എന്തിനാണ് ആ പേര് ഇങ്ങനെ വലിച്ചിഴയ്ക്കുന്നത്...?. നിയമം അതേപടി അനുസരിക്കുന്നയാളായിരുന്നു ബാലു. നോ പാർക്കിംഗിൽ വണ്ടി നിറുത്തില്ല, സുഹൃത്തുക്കൾ റോഡിലൊരു ഡിസ്‌പോസിബിൾ ഗ്ലാസ് എങ്കിലുമിട്ടാൽ അതെടുപ്പിച്ച് വേസ്റ്റ് ബാസ്‌കറ്റിലിടീപ്പിക്കും. ഇങ്ങനെയുള്ള ബാലുവാണ് ദുബായിൽ നിന്ന് സ്വർണം കടത്തിയെന്ന് കഥകൾ പടച്ചു വിടുന്നത്. പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും പ്രവൃത്തികൾ അറിയാമായിരുന്നെങ്കിൽ ആദ്യം അവരുടെ കരണത്തടിക്കുന്നത് ബാലു തന്നെയായിരിക്കും. ബാലുവിന് കാശുണ്ടാക്കാൻ ജന്മസിദ്ധമായ സംഗീതം മാത്രം മതിയായിരുന്നു. വീട്ടിൽ വരുന്നവരെയെല്ലാം ഇഴ കീറി പരിശോധിക്കാനാവില്ലല്ലോ. ഞങ്ങളുടെ മുന്നിൽ അവർക്ക് നല്ല മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ ടെൻഷനുകൾ പോലും ഒഴിവാക്കാൻ താത്പര്യപ്പെട്ടിരുന്നയാളാണ് ബാലു.
അനന്തപുരി ആശുപത്രിയിൽ തുടർചികിത്സയിലാണ്. അപകടത്തിൽ വയറിൽ മൂർച്ചയുള്ള ലോഹഭാഗം കുത്തിക്കയറി കുടലിന്റെ ഭാഗം മുറിഞ്ഞു പോയി. ശസ്ത്രക്രിയയിലൂടെ ശരിയാക്കിയെങ്കിലും ഭക്ഷണത്തിന് നിയന്ത്രണമുണ്ട്. കഴുത്തിൽ ശസ്ത്രക്രിയകൾ നടത്തിയതിനാൽ സംസാരിക്കാനും പ്രയാസം. സംസാരം നിയന്ത്രിച്ചപ്പോൾ ലക്ഷ്മി എന്തൊക്കെയോ മറയ്ക്കുന്നുവെന്ന് ചിലർ കഥയിറക്കി. ആരു വേണമെങ്കിലും എന്തും പറഞ്ഞോട്ടെ, സത്യം ഒരിക്കൽ പുറത്തു വരും. ബാലുവിനെ സ്‌നേഹിക്കുന്ന നിരവധി പേരുടെ പിന്തുണയും പ്രാർത്ഥനയും കൂടെയുണ്ട് കൂപ്പുകൈകളോടെ ലക്ഷ്മി നൊമ്പരപ്പൊട്ടിലേക്ക് മുഖംതാഴ്ത്തി.
രണ്ട് വ്യക്തതകൾ
1. പാലക്കാട് ബന്ധം
പാലക്കാട്ടെ ഡോക്ടറും ഭാര്യയുമായി വർഷങ്ങളായി പരിചയമുണ്ട്. അവരെ സംശയത്തിന്റെ നിഴലിലാക്കാൻ തെളിവുകളൊന്നും കൈയിലില്ല. ഒരു തവണ പണം കടം നൽകിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടുണ്ടായിട്ടില്ല. പാലക്കാട്ട് ലക്ഷങ്ങൾ നിക്ഷേപിച്ചെന്നൊക്കെ വെറുതേ പറയുന്നതാണ്.
2. കാർ ഓടിച്ചത്
അപകട സമയത്ത് കാർ ഓടിച്ചത് അർജുൻ തന്നെയാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ട്. അപകടത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് പുറത്ത് വരണം. അന്വേഷണ സംഘവുമായി സഹകരിക്കും.