ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇനി താമസിക്കാൻ പോകുന്നത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് താമസിച്ചിരുന്ന വീട്ടിൽ. ഡൽഹിയിലെ മേനോൻ മാർഗിലുള്ള വാജ്‌പേയിയുടെ വീടാകും അമിത് ഷായുടെ ഔദ്യോഗിക വസതിയാകുക എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
2004ൽ ഭരണത്തിൽ നിന്നും ബി.ജെ.പി പുറത്താക്കപ്പെട്ട അന്ന് മുതൽ നീണ്ട 14 വർഷങ്ങൾ വാജ്‌പേയിയും കുടുംബവും ഈ വീട്ടിലാണ് കഴിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലെ വാജ്‌പേയിയുടെ മരണശേഷം നവംബറിൽ കുടുംബം ഈ വീട്ടിൽ നിന്നും താമസം മാറി. അമിത് ഷാ ഈ വീട് സന്ദർശിച്ചിരുന്നുവെന്നും, വീട്ടിൽ ചില മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചുവെന്നും, ഇതിനെ തുടർന്ന് അറ്റകുറ്റപണികൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ബി.ജെ.പിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച അമിത് ഷാ, ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇപ്പോൾ താമസിക്കുന്നത് , 11 അക്ബർ റോഡിലെ വസതിയിലാണ്. 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, ബി.ജെ.പി നേതാക്കൾ താമസിച്ചിരുന്ന വീടുകൾ സ്മാരകങ്ങൾ ആക്കി മാറ്റാൻ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 'സൈദാവ് അടൽ' എന്ന് പേരിട്ട ഒരു സ്മാരകം വാജ്‌പേയ്ക്കായി ഡൽഹിയിലെ 'രാഷ്ട്രീയ സമിതി സ്ഥലി'ൽ ബി.ജെ.പി പണികഴിപ്പിച്ചിരുന്നു.