crime

ഇടുക്കി : മുൻ പഞ്ചായത്ത് അംഗമായ കോൺഗ്രസ് വനിതാ നേതാവിനെ ആക്രമിച്ച സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹിള കോൺഗ്രസ് ഇടുക്കി മണ്ഡലം സെക്രട്ടറിയായ ആലീസ് ജോർജ് ഗോപുരത്തിനെ ആക്രമിച്ച കേസിൽ കൊന്നയ്ക്കമാലി സ്വദേശി ഈയപ്പാട്ട് സുകുമാരനെയാണ് മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാർട്ടി കമ്മിറ്റി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപമുള്ള കവലയിൽ വച്ചാണ് ഇയാൾ ആലീസിനെ ആക്രമിച്ചത്. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച ഡീൻ കുര്യാക്കോസിന്റെ വിജയത്തെക്കുറിച്ചുള്ള ചർച്ചയാണ് തർക്കത്തിലേക്കെത്തിയത്. അക്രമാസക്തനായ സുകുമാരൻ ആലീസിനെ ചവിട്ടിവീഴ്ത്തകയും, തല പിടിച്ച് റോഡിലിടിക്കുകയുമായിരുന്നു. വയറിലും മുഖത്തും പരിക്കേറ്റ ആലീസിനെ ഇടുക്കി ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. മദ്യലഹരിയിലായിരുന്നു പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.