pawar

മുംബയ്: തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ആർ.എസ്.എസ് പ്രവർത്തകരെ കണ്ടുപഠിക്കണമെന്ന് പ്രവർത്തകരോട് എൻ.സി.പി ആദ്ധ്യക്ഷൻ ശരദ് പവാറിന്റെ നിർദ്ദേശം. ജനങ്ങളുമായി ബന്ധം നിലനിർത്തേണ്ടത് എങ്ങനെയാണെന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് നന്നായി അറിയാമെന്നും അത് കണ്ടുപഠിക്കണമെന്നുമായിരുന്നു എൻ.സി.പി.പ്രവർത്തകരോട് അദ്ധ്യക്ഷന് നൽകാനുള്ള ഉപദേശം. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എൻ.സി.പിയുടെ പരാജയ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

'ആർ.എസ്.എസ് പ്രവർത്തകരുടെ പ്രചാരണ രീതി നിങ്ങൾ കണ്ടു പഠിക്കണം, അവർ ആഞ്ച് വീടുകളിൽ പ്രചാരണത്തിന് പോകുമ്പോൾ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കിൽ ആ വീട്ടിൽ പിന്നെയും എത്തി അംഗങ്ങളെ കാണും. ജനങ്ങളുമായി ബന്ധം നിലനിർത്തേണ്ടത് എങ്ങനെയാണെന്ന് ആ‌ർ.എസ്.എസുകാർക്ക് നന്നായി അറിയാം.' -ശരദ് പവാ‌ർ പറഞ്ഞു.

അതോടൊപ്പം മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയെന്നും ഇന്നു മുതൽ വോട്ടർമാരെ സന്ദർശിക്കാൻ ആരംഭിക്കണമെന്നും അതുവഴി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തങ്ങളെ ഓർക്കാറുള്ളുവെന്ന വോട്ടർമാരുടെ പരാതി മാറുമെന്നും അദ്ദേഹം പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.