ദുബായ്: ദുബായിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽ മരിച്ച തൃശൂർ സ്വദേശി ജമാലുദ്ദീൻ സാമൂഹിക പ്രവർത്തനങ്ങളിലടക്കം സജീവമായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ദുബായിൽ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്ന ജമാലുദ്ദീൻ രണ്ടാഴ്‌ച മുമ്പാണ് അവധി കഴിഞ്ഞ് തിരികെ പോയത്. രണ്ട് ദിവസത്തെ അവധിക്കായിരുന്നു ആ വരവ്. നാട്ടിൽ സി പി.എമ്മിന്റ സജീവ പ്രവർത്തകൻ കൂടിയായിരുന്ന ഈ തളിക്കുളം സ്വദേശി മുൻ പഞ്ചായത്തംഗമായും പ്രവർത്തിച്ചിരുന്നു. അറക്കവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകനായ ജമാലുദ്ദീൻ 23 വർഷമായി ദുബായിലായിരുന്നു. മാതാവ്: നഫീസ ഭാര്യ: സുലൈഖ, സുഹാന, ഷാഫിയ എന്നിവർ മക്കളാണ്.
ജമാലുദ്ദീൻ ഉൾപ്പടെ ആറ് മലയാളികളാണ് അപകടത്തിൽ മരിച്ചത്. 10 ഇന്ത്യക്കാരുൾപ്പടെ ആകെ 17 പേർ മരിച്ചവരിൽ ഉൾപ്പെടുന്നു. മലയാളികളിൽ നാലുപേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ ജമാലുദ്ദീനെ കൂടാതെ തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, വാസുദേവൻ, തിലകൻ എന്നിവാണുള്ളത്. രണ്ട് പേരെ ഇനിയും തിരിച്ചറിയാനുണ്ട്.
മസ്‌കറ്റിൽനിന്ന് ദുബായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമാൻ നമ്പർ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസ് അൽ റാഷിദിയ എക്സിറ്റിലെ സൈൻ ബോർഡിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു അപകടം. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പരക്കേറ്റവർ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.