dhoni-glove

ന്യൂഡൽഹി: ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ചിഹ്നമുള്ള കൈയുറ ധരിച്ചെത്തിയെ ക്രിക്കറ്റർ മഹേന്ദ്ര സിംഗ് ധോണിക്ക് പാകിസ്ഥാൻ മന്ത്രിയുടെ വിമർശനം. പാക്കിസ്ഥാൻ മന്ത്രിസഭയിൽ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയായ ഫവാദ് ചൗധരിയാണ് ധോണിക്കെതിരെ വിമർശനം തൊടുത്തത്.

ധോണി ക്രിക്കറ്റ് കളിക്കാനാണ് എത്തിയതെന്നും ധോണിയുടെ കൈയുറ ഇന്ത്യൻ മാദ്ധ്യമങ്ങൾ ഇത്രയും വലിയ ചർച്ചാവിഷയമാക്കേണ്ട കാര്യമില്ലെന്നും ഫവാദ് ട്വിറ്ററിൽ കുറിച്ചു. ബുധനാഴ്ച സൗത്ത് ആഫ്രിക്കയുമായി നടന്ന ഇന്ത്യയുടെ പ്രാരംഭ മത്സരത്തിലാണ് ധോണി ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്‌സസിന്റെ ചിഹ്നം ആലേഖനം ചെയ്ത കൈയുറയുമായി കളിക്കാൻ ഇറങ്ങിയത്. ഇതിനെ തുടർന്ന് ഇന്ത്യൻ മാദ്ധ്യമങ്ങളിൽ ഇത് വൻ ചർച്ചാ വിഷയമായിരുന്നു.

'ലോകകപ്പ് മത്സരത്തിൽ കളിക്കാനാണ് ധോണി ഇംഗ്ലണ്ടിൽ എത്തിയത്. അല്ലാതെ മഹാഭാരത യുദ്ധത്തിനല്ല. എന്തൊക്കെ മണ്ടൻ ചർച്ചകളാണ് ഇതിനെക്കുറിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങളിൽ നടക്കുന്നത്? മാദ്ധ്യമങ്ങൾക്ക് ഇത്രയും യുദ്ധക്കൊതിയാണെങ്കിൽ, അവർ കൂലിപട്ടാളക്കാരായി സിറിയയിലേക്കോ, അഫ്‌ഗാനിസ്ഥാനിലേക്കോ, റുവാണ്ടയിലേക്കോ പോകേണ്ടതാണ്.' പാകിസ്ഥാൻ മന്ത്രി തന്റെ ട്വീറ്റിലൂടെ പറഞ്ഞു.

ഏതായാലും സംഭവം വിവാദമായതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ധോണിയുടെ കൈയ്യുറയിൽ നിന്നും ഈ ചിഹ്നം നീക്കം ചെയ്യണമെന്ന് ബി.സി.സി.ഐയോട് ആവശ്യപെട്ടിട്ടുണ്ട്. ക്രിക്കറ്റ് കൗൺസിലിന്റെ നിയമപ്രകാരം രാഷ്ട്രീയ, മത, വംശീയ ചിഹ്നങ്ങൾ കളിക്കാരുടെ വസ്ത്രങ്ങളിലോ, കളി ഉപകരണങ്ങളിലോ ഉപയോഗിക്കാൻ പാടില്ല. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇത് നിർബന്ധമായും പാലിക്കേണ്ടതാണ്.

ഇന്ത്യൻ സൈനിക വൃത്തങ്ങളിൽ 'ബലിദാന ബാഡ്ജ്' എന്നാണ് ഈ ധോണിയുടെ കൈയുറയിലുണ്ടായിരുന്ന ചിഹ്നം അറിയപ്പെടുന്നത്. ബുധനാഴ്ചത്തെ മത്സരത്തിലൂടെ ഈ ചിഹ്നത്തിന്റെയും ധോണി കൈയുറ ധരിച്ച് നിൽക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനെ തുടർന്ന് ധോണിയേയും ഇന്ത്യൻ സൈന്യത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരും രംഗത്ത് വന്നിരുന്നു.