spice-2000

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പകരമായി വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകൾ വാങ്ങാൻ ഇന്ത്യ ഇസ്രയേലുമായി കരാറൊപ്പിട്ടു. 300 കോടി ചെലവിട്ട് 100 ബോംബുകളാണ് വാങ്ങുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ ഒരു ദേശീയ മാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലി പ്രതിരോധ നിർമാതാക്കളായ റാഫേൽ അഡ്‌വാൻസ്‌ഡ് ഡ‌ിഫൻസ് സിസ്‌റ്റംസ് ആണ് ഈ ബോംബുകൾ നിർമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ പ്രതിരോധ കരാറാണ് ഇത്. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കേണ്ട ആയുധങ്ങളുടെ ഗണത്തിൽ പെടുത്തി ഈ വർഷം അവസാനത്തോടെ തന്നെ ബോംബുകൾ രാജ്യത്തെത്തിക്കും. ശത്രുവിന്റെ ബങ്കറുകളും കെട്ടിടങ്ങളും മുഴുവനായി തകർക്കാൻ കഴിയുന്നവയാണ് പുതിയ സ്‌പൈസ് 2000 ബോംബുകൾ. 60 കിലോമീറ്റർ വരെ സഞ്ചരിച്ച് ആക്രമണം നടത്താൻ ഇവയ്‌ക്ക് കഴിയും. അടിയന്തര ആവശ്യങ്ങൾക്കായി 300 കോടി രൂപ വരെ ഉപയോഗിച്ച് ആയുധങ്ങളോ ഉപകരണങ്ങളോ വാങ്ങാൻ സേനകൾക്ക് കേന്ദ്രം അധികാരം നൽകിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് ബോംബുകൾ വാങ്ങുന്നതെന്നാണ് പ്രതിരോധവൃത്തങ്ങൾ വിശദീകരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 14ന് കാശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ പാക് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ നാൽപതോളം സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പകരമായി ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് വിമാനങ്ങൾ പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തി. കെട്ടിടങ്ങളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്‌പൈസ് 2000 ബോംബുകളാണ് ഈ ആക്രമണത്തിൽ ഉപയോഗിച്ചത്. ഇതിന് പിന്നാലെ സ്‌പൈസ് 2000ന് ബലാക്കോട്ട് ബോംബ് എന്ന അപരനാമവും ലഭിച്ചു.