sheela-actress

മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് നടി ഷീല. ഭക്ഷണത്തിലെ അത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിതമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കുന്നതെന്ന് ഷീല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജെ.സി ഡാനിയേൽ പുരസ്‌കാര നിറവിൽ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം.

'ഭക്ഷണത്തിലെ ഹോർമോണുകളാണ് പുരുഷന്മാരെ കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതവരെ 90 ശതമാനം മൃഗങ്ങളും 10 ശതമാനം മാത്രം മനുഷ്യരുമാക്കുന്നു. പണ്ടു കാലങ്ങളിൽ 20 വയസുകഴിഞ്ഞാൽ മാത്രമെ യുവാക്കൾ പ്രണയത്തെ കുറിച്ച് ചിന്തിക്കുമായിരുന്നുളു. എന്നാൽ ഇന്ന് അങ്ങനെയല്ല. കൗമാരക്കാർവരെ പ്രേമത്തെ കുറിച്ച് ചിന്തിക്കുന്നു. ഇതിനെല്ലാം കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്'-ഷീല പറഞ്ഞു.

സ്ത്രീകൾക്കുനേരെ അക്രമം നടത്തുന്നവർക്കെതിരെ എന്തുകൊണ്ടാണ് സർക്കാർ കടുത്ത നടപടിയെടുക്കാത്തെതെന്ന് ഷീല ചോദിക്കുന്നു. ഇത്തരക്കാരെ നേരിടാനുള്ള ഉപായവും തന്റെ പക്കലുണ്ടെന്ന് അവർ പറഞ്ഞു. അതിൽ ഒന്ന് അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകുക എന്നുള്ളതാണ്. മറ്റൊന്ന് ഇത്തരക്കാരുടെ നെറ്റിയിൽ അവർ ചെയ്‌ത തെറ്റ് ടാറ്റൂ ചെയ്‌ത് ഒട്ടിക്കണമെന്നും ഷീല പറയുന്നു.

കേരളത്തിൽ ആയിരുന്നു താമസമെങ്കിൽ വിമെൻ ഇൻ സിനിമാ കളക്‌ടീവിൽ (ഡബ്ല്യു.സി.സി) താനും അംഗമായിരുന്നേനെയെന്ന് താരം വ്യക്തമാക്കി. ചെന്നൈയിൽ താമസിക്കുന്ന താൻ ഒന്നോ രണ്ടോ മീറ്റിംഗിൽ പങ്കെടുത്തതുകൊണ്ട് കാര്യമില്ലല്ലോ എന്നും ഷീല ചോദിക്കുന്നു.